Wednesday, April 21, 2010

ഒരു ദീര്‍ഘായുസ്സിന്റെ കഥ

ഒരു ദീര്‍ഘായുസ്സിന്റെ കഥ




എനിക്ക് 14 വയസ്സുള്ള കാലം, അന്നൊക്കെ സ്കൂളും മദ്രസ്സയും ഇല്ലാത്ത സമയം മിക്കവാറും മാസത്തിലെ ഒരു ശനിയോ ഞായറോ മലപ്പുറം ജില്ലയിലെഎരമംഗലത്തുള്ള എന്റെ ഉമ്മയുടെ അനുജത്തി(കുഞ്ഞുമ്മ)യുടെ വീട്ടിലേക്കു താമസിക്കാന്‍ പോകുമായിരുന്നു,

വീട്ടില്‍ നിന്ന് പുറപ്പെട്ടു ഗുരുവായൂര്‍ വന്നു അവിടെ നിന്ന് എന്‍ കെ ടി ബസ്സിലോ, ബി കെ ടി ബസ്സിലോ കയറി(ഈ രണ്ടു ബസ്സുകളാണ് ആറൂട്ടില്‍ കൂടുതലും ഓടിയിരുന്നത്)രണ്ടു മൂന്നു മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്താലേ അവിടെയെത്തൂ..

അവിടെ കൂട്ടുകാരായി കുഞ്ഞുമ്മയുടെ മക്കള്‍ റഷീദും ബഷീറും നസിയും താഹിറയുമുണ്ട്, പോക്കിരി അബു, ഹരിദാസന്‍, മാമുട്ടി, ഇബ്രാഹിം, സൈനു, സലി, റസാഖ്, തുടങ്ങി വേറെയും ഒരുപാടുകൂട്ടുകാരുണ്ട്, പിന്നെ ബസ്സ്‌യാത്ര വളരെ ഇഷ്ടമുള്ളതുകൊണ്ടും എന്റെ പ്രായക്കാരായ കൂട്ടുകാരുടെ കൂടെകളിക്കാമെന്നത്കൊണ്ടും എരമംഗലം സീമയില്‍ ആരുമറിയാതെ സെക്കന്റ് ഷോക്കുപോയി പഴയ സിനിമകള്‍ കാണാം എന്നത്കൊണ്ടുമൊക്കെ (സീമയില്‍ സിനിമ തുടങ്ങുംമുന്പ് കേട്ടിരുന്ന മരം എന്ന സിനിമയിലെ ആ പഴയ ഗാനങ്ങളും സിനിമ കഴിഞ്ഞു നടന്നുവന്നു പുറത്തെ റൂമില്‍ ശബ്ദമുണ്ടാക്കാതെ ഉറങ്ങാന്‍കിടക്കുന്നതുമെല്ലാം ഇന്നും ഓര്‍മയില്‍ ഓടിയെത്തുന്നു) എരമംഗലം യാത്ര എന്നും ഒരു ഹരമായിരുന്നു...

ഒരു ശനിയാഴ്ച വൈകുന്നേരം കളിയെല്ലാം കഴിഞ്ഞു വന്നപ്പോള്‍

കുഞ്ഞുമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍കൊണ്ടുപോവാന്‍ കാറ് വിളിക്കാന്‍ പെരുമ്പടപ്പിലേക്കും എരമംഗലത്തേക്കും ആള് പായുന്നു, വണ്ടിയൊന്നുംകിട്ടാതെ വന്നപ്പൊ കുഞ്ഞുമ്മയെ

ഒരു കസേരയില്‍ കയറ്റിയിരുത്തി എല്ലാവരുംകൂടി താങ്ങിയെടുത്ത് റോഡിലേക്ക് കൊണ്ടുപോയി, വരുന്നവണ്ടിക്ക് കൈ കാണിച്ചു നിര്‍ത്തി അതില്‍കയറ്റി വണ്ടി നേരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കുതിച്ചു, വണ്ടിയുടെ ഒരു മൂലയില്‍ ഞാനും കയറിയിരുന്നു, ആശുപത്രിയിലെത്തിയപ്പോള്‍തന്നെ അവിടെ കിടത്തണം എന്നായി, രോഗിയായ കുഞ്ഞുമ്മയുടെ ദേഹത്തിലെ സ്വര്‍ണാഭരണങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത കാരണം കൂടെയുണ്ടായിരുന്നവര്‍ അത് ടവ്വലില്‍ പൊതിഞ്ഞു എനിക്ക് തന്നിട്ട് സൂക്ഷിച്ചുകൊണ്ടുപോയി എരമംഗലത്തെ വീട്ടില്‍ ഏല്പിക്കാന്‍ പറഞ്ഞു, ആരോ ഒരാള്‍ കൂടെ വന്ന വണ്ടിക്കാരനോട് വണ്ടി വാടക കൊടുത്ത്, പോകുന്ന വഴി എന്നെ വീടിന്റെ അടുത്തു ഇറക്കണമെന്നും ഏല്പിച്ചു, അങ്ങിനെ പോയ വണ്ടിയില്‍തന്നെ ഞാന്‍ തിരച്ചു പോന്നു, ഞാനും കാറിന്റെ ഡ്രൈവറും മാത്രമായി തിരികെയുള്ള യാത്ര, വരുന്ന വഴി കുന്നംകുളം എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി, അവിടെ നിന്ന് ഡ്രൈവറുടെ കൂട്ടുകാരനായ ഒരാള്‍ വണ്ടിയില്‍ കയറി, വണ്ടി മുന്നോട്ടു നീങ്ങി, സമയം രാത്രി ഒന്‍പതുമണി ആയിക്കാണും, ഡ്രൈവറും കൂട്ടുകാരനുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, പതുക്കെ ആയതുകൊണ്ടും, വണ്ടിയോടുന്ന ശബ്ദം കൊണ്ടും സംസാരം എനിക്ക് തീരെ വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല, അങ്ങിനെ ഏതോ നേരത്ത് ഉറക്കം വന്നു ഞാന്‍ ഉറങ്ങിപ്പോയി..എന്റെ അരയില്‍, ഉടുത്ത വെള്ളമുണ്ടിന്റെ മടിയിലായി എന്തോ തടയുന്നതറിഞ്ഞു‍ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഡ്രൈവറുടെ കൂട്ടുകാരന്റെ കൈ ആണെന്ന് മനസ്സിലായി..അപ്പോഴും വണ്ടി ഓടുന്നുണ്ടായിരുന്നു, ഭയന്നുപോയ ഞാന്‍ പിന്നെയൊന്നും നോക്കിയില്ല..ഡോര്‍ തുറന്നു പുറത്തേക്കെടുത്തു ചാടി..!

ചെന്ന് വീണത് ഏതോ പാടത്തിന്റെ വരമ്പിലായിരുന്നു,

ചാടുമ്പോള്‍ ടവ്വല്‍ പൊതിയിലായിരുന്നു ശ്രദ്ധയും ഒരു കയ്യും..

കാര്‍ നിര്‍ത്തിയെങ്കിലും പിടി കൊടുക്കാതെ വീഴ്ചയുടെ വേദനയറിയാതെ വീണിടത്തുനിന്നും എവിടെക്കോ എണീറ്റോടി..

കുറച്ചുദൂരം ആരോ പിറകെ വരുന്നത്പോലെ തോന്നി..പരിചിതമല്ലാത്ത വഴികള്‍, ഉറക്കം തൂങ്ങുന്ന കണ്ണുകള്‍, എങ്കിലും ഓട്ടം തുടര്‍ന്നു..

ഒടുവില്‍ പിന്നാലെ ആരും വരുന്നില്ല എന്നുറപ്പുവരുത്തിയ ശേഷം ഇലക്ട്രിക്‌ പോസ്ടിന്റെ വെളിച്ചത്തില്‍വന്നു കാലിലെയും കയ്യിലേയും മുറിവുകള്‍ നോക്കി..കൈമുട്ടിലെ തൊലിപോയിരുന്നു..നല്ല വേദനയും,

കാലിലും അരക്കെട്ടിലുമൊക്കെ വേദനകൂടി വരുന്നപോലെ മടിയിലെ സ്വര്‍ണത്തിന്റെ കാര്യമോര്‍ത്തപ്പോള്‍ വേദന കാര്യമാക്കിയില്ല..

കുന്നംകുളത്തുനിന്നും പടിഞ്ഞാറോട്ട് വടക്കേക്കാട്, ആല്‍ത്തറ ഭാഗത്തേക്ക് പോവേണ്ട ഞാന്‍ എത്തിയിരിക്കുന്നത് പട്ടാമ്പി റോഡിലെ വിജനമായ ഭാഗത്തായിരുന്നു...

ഒരുവിധം എത്തിപ്പെട്ട സ്ഥലം മനസ്സിലാക്കി,

വേദനയും വെച്ച് കുറെ നടന്നു..കാണുന്ന വണ്ടിക്കൊക്കെ കൈ കാണിച്ചു..വിശപ്പുകൊണ്ട് കണ്ണും കാണുന്നില്ല..കയ്യിലാണെങ്കില്‍ കാശുമില്ല..വാച്ചില്ലാത്ത കാരണം സമയവും അറിയില്ല,

നടക്കാന്‍ വയ്യാതായപ്പോള്‍ കുറെ നേരം റോഡില്‍ തന്നെയിരുന്നു,

അപ്പോഴും കാലില്‍ നിന്നും കയ്യില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു..

വേദനയും സഹിച്ചു നടന്നു നടന്നു കുന്നംകുളം വന്നു.. സമയം പുലര്‍ച്ചെ അഞ്ചു മണികഴിഞ്ഞു കാണണം..കുന്നംകുളത്തുനിന്നും പൊന്നാനി ഭാഗത്തേക്കുള്ള ആദ്യബസ്സില്‍തന്നെ കയറിയിരുന്നു, അടുത്തിരുന്ന ആള്‍ എന്റെ മുറിവുകളും ക്ഷീണവും കണ്ടിട്ടാവണം കാര്യം തിരക്കിയപ്പോ ഉണ്ടായ സംഭവമൊക്കെ പറഞ്ഞു,എന്തായാലും ബസ്സ്‌ കണ്ടക്ടര്‍ വന്നപ്പൊ നല്ലമനസ്സിനുടമയായ അയാള്‍ എന്റെ പൈസയും കൊടുത്തു, അല്ലെങ്കില്‍ ബസ്സുകരോടും സംഭവം പറയേണ്ടിവരുമായിരുന്നു, അങ്ങിനെ എരമംഗലം വന്നു സ്വര്‍ണ്ണത്തിന്റെ ടവ്വല്‍പൊതി മടിയില്‍നിന്നും നിന്നും അവിടെ എല്പിച്ചശേഷം മാത്രമാണ് മനസ്സില്‍ അല്പമെങ്കിലും സമാധാനം കിട്ടിയത്. അപ്പോഴും സംഭവിച്ച പ്രശ്നങ്ങളും ശരീരത്തിലെ മുറിവുകളും ആരെയും അറിയിച്ചില്ല..ഭക്ഷണം കഴിച്ചു എങ്ങിനെയും എന്റെ വീടെത്തി ഒന്ന് സുഖമായി ഉറങ്ങണം എന്ന ചിന്തയായിരുന്നു മനസ്സുനിറയെ....

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും ആ സംഭവം ഒരു നടുക്കുന്ന ഓര്‍മ പോലെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.

------------------------------------

തുടരും..

അടുത്തതു ബൈക്കില്‍നിന്നു വീണുകിട്ടിയ ആയുസ്സിന്റെ കഥ...