Sunday, April 25, 2010

വീണുകിട്ടിയ ആയുസ്സിന്റെ കഥ

വീണുകിട്ടിയ ആയുസ്സിന്റെ കഥ




പഠനമൊക്കെ കഴിഞ്ഞു ഗള്‍ഫിന്റെ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടിവെച്ചു "തേരാപാരാ" നടക്കുന്ന സമയം, രാവിലെ രവിയേട്ടന്റെ ഫോണ്‍ വന്നിരുന്നു, (ഈ രവിയെട്ടനാണ് എനിക്ക് ദമാമിലേക്ക് വേണ്ടി വിസ കൊണ്ടുവന്നിട്ടുള്ളത്) രവിയേട്ടന്റെ വീട് കുന്നംകുളം മാങ്ങാട് എന്ന സ്ഥലത്താണ്, എന്തോ ആവശ്യാര്‍ത്ഥം അയാള്‍ പാവറട്ടിയിലേക്ക് വരുന്നുണ്ട്, എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞപ്രകാരം ബൈക്കെടുത്ത് പാവറട്ടിക്ക് വെച്ച് പിടിച്ചു, പോകുന്നവഴിയില്‍ ഇന്നത്തെപോലെ ആശയവിനിമയത്തിനായി മൊബൈല്‍ സൌകര്യമില്ലാത്തതുകൊണ്ട് ആളെ കാണാമെന്നുപറഞ്ഞ പാവറട്ടി കുരിശുപള്ളി ബസ്സ്റ്റോപ്പ്‌ ആയിരുന്നു എന്റെ ലക്‌ഷ്യം. ചെറിയ ചാറ്റല്‍ മഴയുള്ളതുകൊന്ദ് റോഡ്‌ നനഞ്ഞു കിടക്കുന്നു,ജലദോഷവും ചുമയും കാരണം അത്രസുഖം പോര...എന്നാലും ഒരു ടവ്വല്‍ തലയില്‍കെട്ടി,
വരുന്നപോലെ വരട്ടെ..ഒരു നല്ലകാര്യത്തിനല്ലേ, വിസയുടെ കാര്യമല്ലേ, എന്നൊക്കെ മനസ്സിലുറച്ചു സൂക്ഷിച്ചു യാത്രതുടര്‍ന്നു..
ചാവക്കാട് വന്നു ഏനാമാവു റോഡിലൂടെ പാവറട്ടി ഭാഗത്തേക്ക് തിരിഞ്ഞു, പിറകിലായി പി. എ. ബ്രദേഴ്സ് എന്ന ബസ് ഹോണടിച്ചു പാഞ്ഞു വരുന്നുണ്ട്, എന്റെ മുന്നിലായി സാധനങ്ങള്‍ കയറ്റി പതുക്കെനീങ്ങുന്ന ഒരു കാളവണ്ടിയും, ഞാന്‍ കാളവണ്ടിയെ മറികടക്കുന്നതിനിടയില്‍ എന്റെ ബൈക്കിനെ മറികടക്കാന്‍ പിറകിലുള്ള ബസ് ശ്രമിച്ചു, ബസിനു കടന്നുപോവാനുള്ള വഴികുറവായിരുന്നു, കൂടാതെ വഴിമുടക്കി റോഡില്‍ അപകടംവരുത്തുന്ന കൊടിമരം പോലുള്ള ഇലക്ട്രിക് പോസ്റ്റും പിന്നെ പൊട്ടിപ്പൊളിഞ്ഞു വെള്ളംനിറഞ്ഞു കുളമായികിടക്കുന്ന റോഡും..
എന്നും മത്സരബുദ്ധിയോടെ പായുന്ന സ്വകാര്യ ബസ് അവിടെയും കളി മറന്നില്ല..എന്നെയും മറികടന്നു ബസ് മുന്നോട്ടുപോയി..വേഗത്തില്‍ കടന്നുപോയ ബസിന്റെ ചവിട്ടുപടിയില്‍ എന്റെ ബൈക്കിന്റെ ഹാന്‍ഡില്‍ ഭാഗവും ക്രാഷ് ഗാര്‍ഡും തട്ടി...
റോഡ്‌ നനഞ്ഞത്കൊണ്ട് ഞാന്‍ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ടയര്‍ വഴുതി നിയന്ത്രണംവിട്ടു ഞാനും ബൈക്കും കൂടെ കുറെ ചളിയുമായി നേരെ റോഡിലെ വെള്ളം നിറഞ്ഞ കുഴിയിലേക്ക്....!

ചെന്നുവീണ കുഴിക്കുമുന്നില്‍ ഉടനെ പാഞ്ഞെത്തി കെ. ആര്‍. എച്. ഒന്‍പത് നമ്പര്‍ അന്നപൂര്‍നെശ്വരി എന്ന ബസ്..!!
ആ ബസ് കുഴികണ്ട് പതുക്കെ വന്നിരുന്നത്കൊന്ദ് ഞാന്‍ രക്ഷപ്പെട്ടു..അല്ലെങ്കില്‍....
ഒഹ്, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മരണം മണക്കുന്നപോലെ..
ആളുകള്‍ ഓടിക്കൂടി എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു, മേലാകെ ചളി പുരണ്ടുനാശകോശമായി..
ബൈക്കെടുത്ത് പതുക്കെ തള്ളിമാറ്റി അടുത്തുള്ള ടയര്‍കടയില്‍ കയറി മുണ്ടും ഷര്‍ട്ടും കഴുകി വൃത്തിയാക്കി, കാലിലും കൈവിരലിലുമൊക്കെ കുറേശ്ശെ പരിക്കുണ്ട്, ബൈക്കിന്റെ പെട്രോള്‍ ടാങ്കും ക്രാഷ്ഗാഡും ചളുങ്ങി, എന്നാലും വണ്ടിയോടിക്കാവുന്നതുകൊണ്ട് കൂടുതല്‍ സമയം കളയാതെ അടുത്തുകണ്ട ടെലിഫോണ്‍ബൂത്തില്‍ കയറി വീട്ടിലേക്കു വിളിച്ചു വിവരം പറഞ്ഞു, അപ്പോഴതാ കേള്‍ക്കുന്നു രവിയേട്ടന്‍ എന്നെകാണാന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്ന്..
നനഞ്ഞ മുണ്ടും വിറയ്ക്കുന്ന ശരീരവും ചളുങ്ങിയ ബൈക്കുമായി ധൈര്യത്തോടെ തിരികെ വീട്ടിലെക്കായി പിന്നത്തെയാത്ര..
ചാവക്കാട് നിന്ന് മുത്തന്‍മാവ്, പാലംകടവ്, മൂന്നാംകല്ലും കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രക്കിടെ വട്ടെക്കാട് നിഷാദ് മനസിലില്‍ കല്യാണം നടക്കുന്നുണ്ടായിരുന്നു, ആള്‍ത്തിരക്ക് കാരണം ബൈക്കിന്റെ വേഗത കുറച്ചു, തന്നെയുമല്ല ഒരപകടം കഴിഞ്ഞുള്ള വരവാണ് ചാറ്റല്‍മഴ കാരണം റോഡില്‍ നല്ലപോലെ നനവുമുണ്ട്, ശ്രദ്ധയോടെ അവിടുത്തെ ചെറിയ വളവു തിരിഞ്ഞതും അതാ വരുന്നു വീണ്ടും ഒരു ശകുനം.." മല്ലി " എന്നു വിളിപ്പേരുള്ള നാട്ടിലെ ആ സാധു വന്നു നേരെ ചാടിയത് എന്റെ ഈ ചളുങ്ങിയ ബൈക്കിന്റെ മുന്നില്‍..!
എതിരെ വരുന്ന ലോറിയും അശ്രദ്ധയോടെ റോഡ്‌ മുറിച്ചുകടക്കുന്ന മല്ലിയും...!
ഉടനെ ചവിട്ടി ബ്രേക്ക്..
വണ്ടിയും ഞാനും മല്ലിയും ഒക്കെ കൂടി റോഡിലൂടെ നിരങ്ങി നീങ്ങി..ഒന്നും എവിടെയും തെറ്റിയില്ല..വരാനുള്ളത് വഴിയില്‍ തങ്ങാതെ എന്റെനേരെ തന്നെവന്നു..വിസരവിയേട്ടനെ കാണാന്‍വന്ന ഞാന്‍ വീണ്ടും നടുറോഡില്‍...!!
അവിടെയും ഓടിയെത്തി കുറെയാളുകള്‍..
കല്യാണവീടടുത്തായതുകൊന്ദ് ആളുകള്‍ക്ക് ഒരു കുറവുമുണ്ടാവില്ലല്ലോ...
മല്ലിയെ രക്ഷപ്പെടുത്താനുള്ള ശ്രമം എനിക്ക് തന്നത് തലയിലും മുഖത്തും കയ്യിലും കാലിലുമൊക്കെ നിറയെ പരിക്കാണ്.. നനഞ്ഞൊട്ടിയ വെള്ളമുണ്ട് റോഡില്‍ ഉരഞ്ഞുകീറി കാലിന്റെതുടയിലും പരിക്കുണ്ട്.
"മല്ലി"യാണെങ്കില്‍ വീണിടത്ത് തന്നെകിടപ്പാണ്..
കാറ്റുപോയോ എന്തോ..!!
പലരും പിറുപിറുക്കുന്നത് കേള്‍ക്കാം, കേട്ടപ്പോ ഭയംകൂടിവന്നു, ആളെ കണ്ടാല്‍തന്നെ അറിയാം കൊതുകിനെക്കാള്‍ കഷ്ടമാണെന്ന്..ആ പാവത്തിനെ ഇടിച്ചുവീഴ്ത്തിയവനെ വിടരുത്..
ആരോ പറയുന്നത് കേള്‍ക്കാം..
അല്ലെങ്കിലും അവനൊരെല്ല് കൂടുതലാണെന്ന്..
എന്നെ അറിയാവുന്നവര്‍ എന്റെയടുത്തുവന്നു സമാധാനിപ്പിക്കുന്നു, ആളുകള്‍ കൂടിവന്നുകൊണ്ടിരുന്നു..ബഹളമായി..
രാഷ്ട്രീയക്കാരുടെ തനിനിറം അത് പച്ചയായാലും ചുവപ്പയാലും ത്രിവര്‍ണമായാലും ഒന്നാണെന്ന് എനിക്ക് മനസ്സിലായത് അന്നാണ്, എന്റെ പരിക്ക് കാര്യമാക്കാതെ അയാളോട് കാര്യം തിരക്കി, മൂക്കിനും കൈക്കും കാലിലും പരിക്കുണ്ട്..ഉടനെ അതുവഴി വന്ന ഒരു ഓട്ടോ കൈ കാണിച്ചു നിര്‍ത്തി, അയാളെ ഞാനും അവിടെയുള്ളവരുംചേര്‍ന്ന് ചാവക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്കയച്ചു, അപ്പോഴും ആരും എന്റെ കാര്യം ശ്രദ്ധിക്കുന്നില്ല..വയ്യെങ്കിലും പതുക്കെ ബൈക്കെടുത്ത് നേരെയാക്കി സൈഡില്‍ ഒതുക്കിവെച്ചു, വേദന സഹിക്കാതായപ്പോള്‍ ഞാനും സെറ്റ് ഹമീദ് എന്നു വിളിക്കുന്ന സുഹൃത്തും കൂടി വേറെ ഒരു ഓട്ടോയില്‍ ഗുരുവായൂര്‍ തഹാനി ആശുപത്രിയില്‍ വന്നു, അപകടം എന്നുകേട്ടയുടനെ ആശുപത്രിക്കാരുടെ കണ്ണിലെ സന്തോഷം കാണാമായിരുന്നു..ഉടനെതന്നെ എക്സറേ, സ്കാനിംഗ്, ആ ടെസ്റ്റ്‌, ഈ ടെസ്റ്റ്‌ എന്നൊക്കെ പറഞ്ഞു അവരും വെച്ചുനീട്ടി ഒരു നീണ്ടബില്‍..പിന്നെ അറിഞ്ഞു ഏതോ വിരുതന്‍ പോയി ചാവക്കാട് പോലീസില്‍ കേസ് കൊടുത്തിട്ടുണ്ട് അതുകൊണ്ട് അവിടെ ചികിത്സിക്കാന്‍ പറ്റില്ല എന്നു..ഉടനെ വീട്ടിലേക്കു വിളിച്ചു വിവരം പറഞ്ഞു നേരെ ചാവക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍പോയി..അട്മിറ്റായി..
രാവിലെമുതല്‍ ഒരുതുള്ളി മഴപോലും കളയാതെ മുഴുവനുംകൊണ്ടു, അതുകൊണ്ടാവണം ചുമയും ജലദോഷവും പനിയുംകൂടി ശരീരം നല്ലപോലെ വിറക്കുന്നു..വിശന്നിട്ടു കണ്ണുംകാണുന്നില്ല..
സിസ്റ്റര്‍ വന്നു ഒരു പച്ചനിറത്തിലുള്ള വിരിപ്പ് തന്നു മൂടിപ്പുതച്ചു കിടക്കാന്‍ പറഞ്ഞു..മൂടാനോ പുതക്കണോ കഴിയാത്ത വൃത്തികെട്ട ഒരു വിരിപ്പായിരുന്നു അത്..വേറെ ആരെയോ പുതപ്പിച്ചതോ കഴുകാനായി മാറ്റിയിട്ടതോആണെന്നുതോന്നുന്നു, ആകെ രക്തക്കറയും വൃത്തികെട്ട മണവും...!
ഇന്‍ജക്ഷന്‍ ചെയ്യാന്‍ സിസ്റ്റര്‍ വന്നപ്പൊ, ഈ വിരിപ്പുമാറ്റി വേറെ ഒരെണ്ണം തന്നാല്‍ നന്നായിരുന്നു, ഇതില്‍ ആകെ രക്തക്കറയും വൃത്തികെട്ട മണവും കൊണ്ട് പുതക്കാനെകഴിയുന്നില്ല.. ഉടനെ വന്നു മറുപടി.. ഇത് തന്നെ ഒരുവിധം എവിടെന്നോ തരപ്പെടുത്തിയാ തന്നത്, ഇതില്‍കൂടുതല്‍ സൌകര്യത്തില്‍ കിടക്കണമെങ്കില്‍ വേറെ എവിടെക്കെങ്കിലും പൊയ്ക്കോ..
സര്‍ക്കാര്‍ ആശുപത്രിയല്ലേ സാരല്യ എന്നും പറഞ്ഞു ഞാന്‍ കൂടെയുള്ളവരെ സമാധാനിപ്പിച്ചു..അപ്പോഴേക്കും വാര്‍ത്തയറിഞ്ഞ് വീട്ടില്‍നിന്നും നാട്ടില്‍നിന്നും പലരും വന്നുംപോയുമിരുന്നു..
എന്തോ വലിയ അപകടം സംഭവിച്ചപോലെ ആളുകള്‍വന്നു എന്നെയും എത്തിനോക്കുന്നത് കാണാം..
എന്തായാലും വിരിപ്പില്ലാതെ വിറയ്ക്കുന്ന ശരീരവുമായി അവിടെ തന്നെകിടന്നു രണ്ടുദിവസം..
പോലിസ് വന്നു മല്ലിയുടെ മൊഴിയെടുത്തു, കേസെടുത്തിട്ടുണ്ട് എന്നൊക്കെ മനസ്സിലായി..
ആശുപത്രി വിട്ടു വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ ജോലിചെയ്തിരുന്ന എന്റെ സുഹൃത്തിന്റെ ബൂണ്‍ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തില്‍ ചാവക്കാട് പോലീസിലെ ഹെഡ്കോണ്‍സ്ട്രബിള്‍ (ഇബ്രാഹിം എന്ന മദ്യപിച്ചു വയറുചാടിയ പോലീസുകാരന്‍)വന്നു പലപ്പോഴായി കേസ് ഒതുക്കാനെന്ന പേരില്‍ ‍പൈസ വാങ്ങിക്കുന്നു ഈ വിവരമറിഞ്ഞു ഞാന്‍ ഇടപെട്ടു ഇനി പൈസ തരില്ല എന്നു തീര്‍ത്തുപറഞ്ഞപ്പോള്‍ എന്നെ പിന്നെകണ്ടോളം എന്ന ഭീഷണിയും..
കൂടാതെ നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പ്രമാണിമാരും ഗുണ്ടകളുമായ ചക്കര ഹമീദ്, അറക്കക്കാരത്തി ഹസ്സമോന്‍,‍ചെണ്ണ റഷീദ്, താടി കുഞ്ഞിമുഹമ്മദ് തുടങ്ങിയവരൊക്കെ ചേര്‍ന്ന് വീട്ടില്‍വന്നു പലതുംപറഞ്ഞു പിതാവിനെ ഭയപ്പെടുത്തി കേസ് കൊടുത്തത് ഒതുക്കിത്തീര്‍പ്പാക്കി ആശുപത്രിയില്‍ കഴിയുന്ന മല്ലിക്ക് കൊടുക്കാനെന്ന വ്യാജേന പതിനായിരം രൂപ തട്ടിയെടുത്തിരുന്നു, ഞാന്‍ ഇക്കാര്യം മല്ലിയോടു അന്വേഷിച്ചപ്പോള്‍ അവര്‍ പത്തുപൈസപോലും ആ പാവത്തിന് നല്‍കിയിട്ടില്ല എന്നറിയാന്‍ കഴിഞ്ഞു..
അവിടെ ലീഗിന്റെയും കോണ്ഗ്രസ്സിന്റെയും കമ്മ്യൂണിസത്തിന്റെയുമൊക്കെ പരസ്പര ഐക്യംഎനിക്ക് നേരില്‍ കാണാമായിരുന്നു..
ഒടുവില്‍ ഞാന്‍ തന്നെ ഇടപെട്ടു ഇന്‍ഷുറന്‍സ് കമ്പനിയുമായി സംസാരിച്ചു കേസ് ഒത്തുതീര്‍പ്പാക്കി ഇരുപത്തയ്യായിരത്തോളം രൂപയുടെ ധനസഹായം മല്ലിയെന്ന ആ സാധുമനുഷ്യന് കിട്ടിയപ്പോള്‍ ആ പാവത്തിന്റെമുഖത്ത് കണ്ടസന്തോഷം.. അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല..
നാട്ടിലെ പോലീസും രാഷ്ട്രീയവും ഗുണ്ടകളുടെ തട്ടിപ്പുമൊക്കെ ഏതാണ്ട് നേരിട്ട് മനസ്സിലാക്കാന്‍ ഈ സംഭവം തുണയായി.
കാലമേറെകഴിഞ്ഞു, ഗള്‍ഫില്‍ വന്നു, സൌദി അറേബ്യയിലെ ദമാമിലല്ല, യു എ ഇയിലാണ്...

ഇന്നും കെഎല്‍8. എ 5737 എന്ന യമഹ RX100 ബൈക്കിലെ യാത്രയുടെ ഓര്‍മ്മകള്‍ ചില്ലിട്ടുവെച്ച ചിത്രംപോലെ മനസ്സില്‍ തൂങ്ങിക്കിടക്കുന്നു.

---------------------------------------

തുടരും...
ഇനി മുംബയില്‍നിന്ന് കിട്ടിയ ദീര്‍ഘായുസ്സിന്റെ കഥ.