Thursday, August 13, 2020

തെങ്ങിൻ തൈകൾക്ക് സൂക്ഷ്മ മൂലകങ്ങൾ അടക്കമുള്ള വളങ്ങൾ കുറയുമ്പോൾ..

തെങ്ങിൻ തൈകൾക്ക് ചുറ്റും വീതിയിൽ തടമെടുത്തു ആദ്യം കുമ്മായം വിതറി മണ്ണിനെ ന്യുട്രൽ സ്റ്റേജിലേക്ക് കൊണ്ടുവരിക. മണ്ണ് പരിശോധന കൂടി ഉണ്ടെങ്കിൽ വളരെ നല്ലത്. (അതിന് സമയമില്ലെങ്കിൽ, ഇക്കാലത്ത് പശുവിനുപോലും കൊടുക്കാൻ മടിക്കുന്ന വെളിച്ചെണ്ണ ആട്ടിയാൽ കിട്ടുന്ന കൊപ്ര പിണ്ണാക്ക് / തേങ്ങാപ്പിണ്ണാക്ക് ഒരു തെങ്ങിൻ തൈ എന്ന കണക്കിൽ കുറഞ്ഞത് 5കിലോ എങ്കിലും വളം ചെയ്യുക) 

എലി കാക്ക നായ പോലുള്ളവയിൽ നിന്നും രക്ഷയ്ക്കായി ചെറിയ തോതിൽ മണ്ണിട്ട് മൂടിയോ  ഉണങ്ങിയ ഓലകൾ കൊണ്ട് പുതയിട്ടു കൊടുക്കുയോ ചെയ്യുക, കൃത്യമായി നനയ്ക്കുക, (വേനലിൽ സാമാന്യം നല്ലപോലെ മേൽ മണ്ണും അടി മണ്ണും  നനയും വിധത്തിൽ തന്നെ) മഴയ്ക്ക് മുൻപായി 5 കൊട്ട വീതം കാലിവളമോ / വിലക്കുറവിൽ കിട്ടുന്ന മത്തിപോലുള്ള മത്സ്യങ്ങൾ ഇട്ടു മൂടുകയോ ചെയ്യൂക. (ലോക്ക് ഡൗണ് കാലത്ത് മനുഷ്യന് കഴിക്കാൻ പോലും കിട്ടാത്ത മത്തിയുടെ കാര്യം ഓർമിപ്പിച്ചതിൽ പൊറുക്കുക) ഒപ്പം ഒരു തെങ്ങിന് 50ഗ്രാം എന്ന കണക്കിന് ബോറോണും നൽകുക.

മഴക്കാലത്തു തടത്തിലും പറമ്പിലും വളരുന്ന പുല്ലുകൾ പറിച്ചു കത്തിക്കാതെ അവ കൂന കൂട്ടിയിട്ടു അഴുകാൻ അനുവദിക്കുക. ഒന്നു പരീക്ഷിച്ചു നോക്കൂ. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. അടുത്ത കൊല്ലം ഇതേ സമയമാവുമ്പോൾ നോക്കൂ.. അസൂയപ്പെടുത്തുന്ന വിധം മാറ്റങ്ങൾ  സംഭവിച്ചിരിക്കും.

കടുത്ത വേനലിൽ ചെടികൾക്കും തെങ്ങുകൾക്കുമെല്ലാം ഉണങ്ങിയ ഇലകൾ / ഓലകൾ കൊണ്ട് സ്ഥിരമായി പുതയിട്ടു കൊടുക്കുന്നതും ഗുണം ചെയ്യും. പണ്ടുകാലങ്ങളിൽ കാരണവന്മാർ ചെയ്തു വന്നിരുന്ന മഹത്തായ കാർഷിക രീതികളാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ. 

ഇന്ന് നാം എല്ലാമെല്ലാം  നമ്മുടെ വിരൽത്തുമ്പിന്റെ സൗകര്യത്തിലേക്ക് ചുരുക്കിയപ്പോൾ പല നന്മകളും നഷ്ടപ്പെട്ടത് നാമറിഞ്ഞില്ല, അല്ലെങ്കിൽ മനപ്പൂർവ്വം വിസ്മരിച്ചു കളഞ്ഞു, അപ്പോൾ സംഭവിച്ച മാറ്റങ്ങളാണ്.

അബ്ദുൽസലാം, അടിതിരുത്തി.




എന്താണ് ജൈവകൃഷി..? എന്തിനാണ് ജൈവ കൃഷി..?എങ്ങിനെയാണ് ജൈവ കൃഷി..?

സത്യത്തിൽ കൃഷിയെന്നും രാസകൃഷിയെന്നുമായിരുന്നു എന്റെയൊക്കെ ചെറുപ്പത്തിൽ കേട്ടിട്ടുള്ളത്. 

പിന്നീടെപ്പോഴോ കാർഷിക രംഗത്തെ വന്ദ്യ ഗുരുക്കന്മാരായ ജോണ്സി മാഷും ശിവപ്രസാദ് മാഷും ദയാലണ്ണനും നർഗീസ് ടീച്ചറും ടോണി സാറും കരീംക്കയും എരയാംകുടി ജയ ടീച്ചറുമടക്കം

മണ്ണിനെയും മഴയെയും പുഴയെയുമെല്ലാം സ്നേഹിക്കുന്ന സുമനസുകളായ ഒരുപാട് പേരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി പ്രകൃതിയിൽ മനുഷ്യൻ കാണിച്ചുകൂട്ടിയ കടന്നുകയറ്റമടക്കമുള്ള സകല കൊള്ളരുതായ്മയും തുറന്നു കാണിച്ചപ്പോൾ,

നമുക്കിടയിൽ നിന്നും പ്രത്യേക വിഭാഗത്തിലുള്ളചിലർ നമ്മുടെ നാടൻ കൃഷിക്കൊരു പുത്തൻ പേരും ഭാവവും രൂപവും നൽകി  *ജൈവകൃഷി* എന്നാക്കി, എന്നു മാത്രമല്ല..

പിന്നീടിങ്ങോട്ട് അതിന്റെ ചുവടും പിടിച്ചു മനുഷ്യനെന്ന ഇരുകാലിജീവി ഒഴികെയുള്ള ഒരുജീവിയും തിരിഞ്ഞുനോക്കാത്ത അറിഞ്ഞതും അറിയാത്തതുമായ സകല വിഷവുമടിച്ചു കമ്പോളങ്ങളിൽ ചൂടാപ്പംപോലെ വിറ്റഴിക്കുന്ന ചവറിനെ   മാന്യന്മാരുടെ  കൃഷിയെന്നും നമ്മുടെ പൂർവ്വികർ വഴി പകർന്നുകിട്ടിയ മഹത്തായ കാർഷിക പാരമ്പര്യ സംസ്കാരത്തെ അഴുക്കും മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ജൈവകൃഷിയുമാക്കി മുദ്രകുത്തുകയും ചെയ്ത ഒരു കാലഘട്ടത്തിൽ.... 

പ്രളങ്ങളിലൂടെയും പകർച്ച വ്യാധികളിലൂടെയും മറ്റുമായി പ്രകൃതി ഇപ്പോൾ എണ്ണിയെണ്ണി കണക്കു തീർത്തുകൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത്..

ഒരുപാട് വാദപ്രതിവാദങ്ങൾക്ക് നടുവിലാണ് നാട്ടുനന്മയുടെ പൈതൃകസ്വത്തായ ജൈവ കൃഷിയെന്ന ഓമനപ്പേരിലറിയപ്പെടുന്ന നമ്മുടെ നാട്ടു കൃഷി.

അബ്ദുൽസലാം,

അടിതിരുത്തി.