Thursday, August 13, 2020

തെങ്ങിൻ തൈകൾക്ക് സൂക്ഷ്മ മൂലകങ്ങൾ അടക്കമുള്ള വളങ്ങൾ കുറയുമ്പോൾ..

തെങ്ങിൻ തൈകൾക്ക് ചുറ്റും വീതിയിൽ തടമെടുത്തു ആദ്യം കുമ്മായം വിതറി മണ്ണിനെ ന്യുട്രൽ സ്റ്റേജിലേക്ക് കൊണ്ടുവരിക. മണ്ണ് പരിശോധന കൂടി ഉണ്ടെങ്കിൽ വളരെ നല്ലത്. (അതിന് സമയമില്ലെങ്കിൽ, ഇക്കാലത്ത് പശുവിനുപോലും കൊടുക്കാൻ മടിക്കുന്ന വെളിച്ചെണ്ണ ആട്ടിയാൽ കിട്ടുന്ന കൊപ്ര പിണ്ണാക്ക് / തേങ്ങാപ്പിണ്ണാക്ക് ഒരു തെങ്ങിൻ തൈ എന്ന കണക്കിൽ കുറഞ്ഞത് 5കിലോ എങ്കിലും വളം ചെയ്യുക) 

എലി കാക്ക നായ പോലുള്ളവയിൽ നിന്നും രക്ഷയ്ക്കായി ചെറിയ തോതിൽ മണ്ണിട്ട് മൂടിയോ  ഉണങ്ങിയ ഓലകൾ കൊണ്ട് പുതയിട്ടു കൊടുക്കുയോ ചെയ്യുക, കൃത്യമായി നനയ്ക്കുക, (വേനലിൽ സാമാന്യം നല്ലപോലെ മേൽ മണ്ണും അടി മണ്ണും  നനയും വിധത്തിൽ തന്നെ) മഴയ്ക്ക് മുൻപായി 5 കൊട്ട വീതം കാലിവളമോ / വിലക്കുറവിൽ കിട്ടുന്ന മത്തിപോലുള്ള മത്സ്യങ്ങൾ ഇട്ടു മൂടുകയോ ചെയ്യൂക. (ലോക്ക് ഡൗണ് കാലത്ത് മനുഷ്യന് കഴിക്കാൻ പോലും കിട്ടാത്ത മത്തിയുടെ കാര്യം ഓർമിപ്പിച്ചതിൽ പൊറുക്കുക) ഒപ്പം ഒരു തെങ്ങിന് 50ഗ്രാം എന്ന കണക്കിന് ബോറോണും നൽകുക.

മഴക്കാലത്തു തടത്തിലും പറമ്പിലും വളരുന്ന പുല്ലുകൾ പറിച്ചു കത്തിക്കാതെ അവ കൂന കൂട്ടിയിട്ടു അഴുകാൻ അനുവദിക്കുക. ഒന്നു പരീക്ഷിച്ചു നോക്കൂ. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. അടുത്ത കൊല്ലം ഇതേ സമയമാവുമ്പോൾ നോക്കൂ.. അസൂയപ്പെടുത്തുന്ന വിധം മാറ്റങ്ങൾ  സംഭവിച്ചിരിക്കും.

കടുത്ത വേനലിൽ ചെടികൾക്കും തെങ്ങുകൾക്കുമെല്ലാം ഉണങ്ങിയ ഇലകൾ / ഓലകൾ കൊണ്ട് സ്ഥിരമായി പുതയിട്ടു കൊടുക്കുന്നതും ഗുണം ചെയ്യും. പണ്ടുകാലങ്ങളിൽ കാരണവന്മാർ ചെയ്തു വന്നിരുന്ന മഹത്തായ കാർഷിക രീതികളാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ. 

ഇന്ന് നാം എല്ലാമെല്ലാം  നമ്മുടെ വിരൽത്തുമ്പിന്റെ സൗകര്യത്തിലേക്ക് ചുരുക്കിയപ്പോൾ പല നന്മകളും നഷ്ടപ്പെട്ടത് നാമറിഞ്ഞില്ല, അല്ലെങ്കിൽ മനപ്പൂർവ്വം വിസ്മരിച്ചു കളഞ്ഞു, അപ്പോൾ സംഭവിച്ച മാറ്റങ്ങളാണ്.

അബ്ദുൽസലാം, അടിതിരുത്തി.




No comments: