Wednesday, August 12, 2020

കൊമ്പൻചെല്ലി എന്ന ശല്യക്കാരൻ..

കൊമ്പൻചെല്ലിപോലുള്ളവയെ അകറ്റുവാൻ ഇന്നത്തെ കാലത്ത്‌ എളുപ്പവും ഏറ്റവും ഉത്തമവുമായ ഒരു രീതിയാണ് ഇനി പറയുന്നത്. 

3..4 മീഡിയം സൈസ് ബക്കറ്റിൽ പകുതി യിൽ താഴെ വെള്ളം നിറക്കുക.

ഇതിലേക്ക് അരക്കിലോ / ഒരു കിലോ കറുത്ത ശർക്കര (നല്ല രൂക്ഷ ഗന്ധമുള്ള യഥാർത്ഥമായ ഏതു ശർക്കരയുമാവാം) ഉരുക്കി നന്നായി ഇളക്കി ചേർത്തു ചെല്ലിയുടെ ശല്യമുള്ള പറമ്പിലായി പല ഭാഗങ്ങളിൽ തുറന്നു വെക്കുക.

ശർക്കരയുടെ മധുരമുള്ള രൂക്ഷഗന്ധം വണ്ടുകളെയെല്ലാം ആകർഷിച്ചു ബക്കറ്റിലേക്ക് എത്തിക്കും. 

എന്നും രാവിലെ ബക്കറ്റുകൾ പരിശോധിച്ചു ശർക്കരവെള്ളത്തിൽ വീണു കിടക്കുന്നവയെ എടുത്തു നശിപ്പിച്ചു കളയാം. പരീക്ഷിച്ചു വിജയിച്ചതുകൊണ്ടാണ് ആശയം ഇവിടെ പങ്കുവെച്ചത്. 

ജൈവകൃഷിയുടെ മറവിൽ പ്ലാസ്റ്റിക് മാലിന്യം നിറയുππ കേരളം...!

രാസവളങ്ങള്‍, രാസ കീടനാശിനികള്‍ തുടങ്ങിയ മാരക വിഷങ്ങള്‍ മണ്ണിലും സമൂഹത്തിലും ഒരുപോലെ വരുത്തിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ മനംനൊന്താണ് നമ്മളെല്ലാം ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതും അതുവഴി ആരോഗ്യമുള്ള സമൂഹം സ്വപ്നം കാണുന്നതും.. 


എന്നാലിപ്പോള്‍ വിഷം തീണ്ടാത്ത പച്ചക്കറി കൃഷി വ്യാപകമാവുന്നതിനൊപ്പം അതിലും വലിയ, എന്നാല്‍ നമ്മളാരുമധികം ശ്രദ്ധിക്കാതെ വിട്ടുകളയുന്ന പ്ലാസ്റ്റിക് ഗ്രോ  ബാഗ് എന്ന അപകടം വരും വര്‍ഷങ്ങളില്‍ വലിയൊരു ദുരന്തമായി നമ്മളെ കാത്തിരിക്കുന്നുവെന്നത് നാം കാണാതെ പോവരുത്.


കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും അതുപോലെ സ്‌കൂള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റു കാര്യാലയങ്ങള്‍ തുടങ്ങി എല്ലാ  കെട്ടിടങ്ങളുടെയും ടെറസ്സിലും ടൈല്‍സും ഇന്റര്‍ലോക്കും ചെയ്തു മനോഹരമാക്കിയ മുറ്റങ്ങളിലും ഭംഗിയോടെ  നിരനിരയായി ഗ്രോബാഗുകളില്‍ ജൈവ പച്ചക്കറി കൃഷി പുരോഗമിക്കുകയാണ്. എല്ലാം നല്ല കാര്യം തന്നെ.


ജൈവ പച്ചക്കറി കൃഷിയെ എതിര്‍ക്കാനോ അല്ലെങ്കില്‍ അവയെ നിരുല്‍സാഹപ്പെടുത്തി ജൈവകൃഷിക്ക്  തടയിടാനോ അല്ല ഈ ലേഖനം. ഇതെഴുതുമ്പോള്‍ ഈ വിനീതന്റെ  വീട്ടിലും  അടുത്തുള്ള കൃഷിഭവന്‍ വഴി ഗ്രോ ബാഗ് സ്കീമില്‍ ലഭിച്ച  പലയിനം പച്ചക്കറി കൃഷിയുണ്ട്. ഇനിയും നാം മാറിയില്ലെങ്കില്‍  മൂന്നോ നാലോ കൊല്ലത്തിനു ശേഷം ഉണ്ടാകാവുന്ന ഒരു വന്‍ പരിസ്ഥിതി മലിനീകരണ പ്രശ്‌നമായി ഈ ഗ്രോ ബാഗ്‌ കാര്‍ഷിക വിപ്ലവം മാറിയെന്നു വരും.


നമ്മുടെ കൊച്ചു കേരളത്തിലിന്നു ലക്ഷക്കണക്കിന് പ്ലാസ്റ്റിക് ഗ്രോബാഗാണ് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നത്. 

നന്നായി ഉപയോഗിക്കുന്ന ഒരു ബാഗിന്റെ ശരാശരി ആയുസ് ഒന്നോ രണ്ടോ വര്‍ഷം വരെയാണെന്നാണ് 

വിദഗ്ദര്‍ പറഞ്ഞു കേള്‍ക്കുന്നത്.


വീട്ടില്‍ 2 വര്‍ഷത്തോളമായി ഇപ്പോള്‍ കാണുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്.  അങ്ങിനെയെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ വീട്ടിലെ ഗ്രോ ബാഗുകള്‍ അടക്കം ആ സമയത്ത് കേരളത്തില്‍ ഉപയോഗിച്ചു തുടങ്ങിയ എല്ലാ ഗ്രോ ബാഗുകളുടെയും പരിസ്ഥിതി ഭീഷണി കേരളം നേരിടേണ്ടി വരില്ലേ ? ഇതിനെന്താണ് പരിഹാരം ?


ഗ്രോബാഗ് നിറയ്ക്കാന്‍ വേണ്ടി മണ്ണു ലഭ്യമാവാതെ വന്നപ്പോള്‍ ഒരുപാട് മലകളും കുന്നുകളും ഇടിച്ചു നിരത്തി എത്ര ലോഡ് മണ്ണും കല്‍പ്പൊടികളുമാണ് കേരളത്തില്‍ ഓരോ സ്ഥലത്തേയ്ക്കും പോകുന്നത്. പലയിടത്തും കൃഷി ഭവനിലെ ഗ്രോ ബാഗ് സ്കീം ഏറ്റെടുത്ത ഏജന്‍സികള്‍ ഇത്പോലും നല്‍കാതെ ലാഭം മാത്രം നോക്കി ക്വാറി പൊടിയും മറ്റു അഴുക്കു നിറഞ്ഞ മാലിന്യങ്ങള്‍ വരെ നിറച്ചു നല്‍കുന്നുവെന്ന പാരാതിയും മുന്നേ കേട്ടിരുന്നു. 


പിന്നീട് ഗ്രോ ബാഗ് നിറയ്ക്കാന്‍ മണ്ണ് ഒഴിവാക്കി ചകിരിച്ചോര്‍  ചേര്‍ത്താല്‍ മതിയെന്ന പ്രസ്താവന വന്നപ്പോള്‍ തമിഴ് നാട്ടിലെ തേനി, കമ്പം തുടങ്ങിയ സ്ഥലങ്ങളിലെ വൈറസ് ബാധിച്ച തെങ്ങുകളില്‍ നിന്നും ഒഴിവാക്കുന്ന ചകിരിച്ചോറും തെങ്ങിന്‍ മല്ലിന്റെ നാരുകളും കടത്തിക്കൊണ്ടുവന്നു കൊള്ളലാഭത്തില്‍ വിറ്റ്‌ പണം വാങ്ങുന്നവരുമുണ്ട് നമ്മുടെ നാട്ടില്‍.  

വേലി തന്നെ വിളവു തിന്നുകയാണോ എന്ന സംശയത്തിനിടയില്‍ അടുത്ത വര്‍ഷം പൂര്‍ണ്ണമായും ജൈവകൃഷി സംസ്ഥാനമായി മാറുമെന്ന് കേള്‍ക്കുന്ന നമ്മുടെ കേരളത്തിലെ കാര്‍ഷിക വിദഗ്ദ്ധര്‍ വളരെ ദീര്‍ഘ വീക്ഷണത്തോടെ ഈ പ്രത്യാഘാതങ്ങള്‍ പഠന വിധേയമാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടേ മതിയാവൂ.


സാധാരണ പ്ലാസ്റ്റിക്കിനേക്കാളും കനം കൂടിയ ഗ്രോബാഗ് ഉപയോഗശൂന്യമാവുമ്പോള്‍, അതുരുക്കി റീസൈക്കിള്‍ ചെയ്തു   കാര്‍ഷിക രംഗത്ത് ആവശ്യമുള്ള മറ്റു പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുകയും അതുവഴി പ്ലാസ്റ്റിക് മാലിന്യത്തിന്റെ അപകടം കുറച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതും, അടുത്തടുത്തുള്ള പഞ്ചായത്തുകള്‍ ചേര്‍ന്ന് നിലവിലുള്ള കുടുംബശ്രീ വഴിക്ക് ഈ പഞ്ചായത്തുകളിലുള്ള പ്ലാസ്റ്റിക് മുഴുവന്‍ ശേഖരിക്കാനുള്ള സംവിധാനമൊരുക്കി  പുനരുപയോഗം ചെയ്യാന്‍ സംവിധാനം ഉണ്ടാക്കുക കൂടി ചെയ്‌താല്‍ ഒരു പരിധിവരെയെങ്കിലും ഇതിനൊരു പരിഹാരമാവുമെന്നു കരുതാം. 


സാമൂഹിക, ആരോഗ്യ, വിദ്യഭ്യാസ, പരിസ്ഥിതി വിദഗ്ദരെല്ലാമൊന്നിച്ചിരുന്നു കൂടിയാലോചിച്ചു വരും കാലങ്ങളില്‍ ഇതൊരു വന്‍ വിപത്തെന്നു കരുതി പ്രശ്‌നപരിഹാരം ഇപ്പോഴെങ്കിലും അന്വേഷിച്ചില്ലെങ്കില്‍

നമ്മുടെ പാതയോരങ്ങളിലും പുഴകളിലും മറ്റും ഇപ്പോഴുള്ള മാലിന്യക്കൂമ്പാരത്തിന് പതിന്മടങ്ങ്‌ വലിപ്പം കൂട്ടാന്‍ 

കൃഷിവകുപ്പ് വഴി വിതരണം തുടങ്ങി വെച്ചെന്ന് അഭിമാനിക്കുന്ന ഈ മാലിന്യം കാരണമാവുമെന്ന് 

നിസ്സംശയം പറയാം.

അബ്ദുൽസലാം

അടിതിരുത്തി.