Sunday, July 4, 2010

മുംബൈയില്‍ നിന്ന് വീണുകിട്ടിയ ആയുസ്സിന്റെ കഥ.

അന്നൊരു ജനുവരി 29

ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ അവസാന ദിവസം..

മനസ്സ് നിറയെ നിരനിരയായി നെറ്റിപ്പട്ടം കെട്ടിനില്‍ക്കുന്ന ആനകളും കണ്ണിനും കാതിനും വര്‍ണവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടും നാട്ടുകാഴ്ച്ചകളും എല്ലാറ്റിനുമുപരി പുറത്തിറങ്ങി വിലസി നടക്കാന്‍ കഴിയുമായിരുന്ന ദിവസവുമൊക്കെയാണ്..

അന്നായിരുന്നു എന്റെ ആദ്യ മുംബൈ യാത്ര.

എല്ലാം വളരെ പെട്ടെന്നായിരുന്നു..

വീട്ടിലെ ശല്യം സഹിക്കവയ്യാത്തതുകൊണ്ടോ പഠനവും വായ്നോട്ടവുമൊക്കെ പരിധി വിട്ടതുകൊണ്ടോ എന്തോ വീട്ടുകാര്‍ എന്നെ പായ്ക്ക് ചെയ്യാന്‍തന്നെ തീരുമാനിച്ചു,

അങ്ങിനെ തൃശൂര്‍ റയില്‍വേ സ്റേഷന്‍ന്റെ അടുത്തുള്ള സഫയര്‍ ഹോട്ടലിലെ ബിരിയാണിയും വാങ്ങിത്തന്നു സഹോദരന്മാര്‍ ജയന്തി ജനതയില്‍ മുംബൈക്ക് നാടുകടത്തി..



രണ്ടുദിവസത്തെ മടുപ്പിക്കുന്ന ട്രെയിന്‍ യാത്രക്കൊടുവില്‍ മുംബൈ നഗരത്തിലെത്തി, നേരം പുലരുന്നെയുള്ളൂ..എവിടെയും തിരക്കാണ്, യാത്രക്കാരുടെയും, പോര്‍ട്ടര്‍മാരുടെയും, കച്ചവടക്കാരുടെയും തിക്കും തിരക്കും മാത്രം.

പിന്നെ മുംബൈയുടെ സ്വന്തം ആ മുഷിഞ്ഞു നാറിയ മണവും, എല്ലാംകൊണ്ട് മനസ്സ് പാതി ചത്തു എന്നു തന്നെ പറയാം..

നാട്ടില്‍നിന്നു വിളിച്ചുപറഞ്ഞപ്രകാരം

വീ ടീ സ്റെഷനില്‍(ഇന്നത്തെ ചത്രപതി ശിവജി അന്ന് വിക്ടോറിയ ആയിരുന്നുവല്ലോ) എരമംഗലം റഷീദും അവന്റെ അളിയനും എന്നെ കൂട്ടികൊണ്ടുപോവാന്‍ വന്നിരുന്നു..

യാത്രയിലുടനീളം മനസ്സ് മണത്തല ചന്ദനക്കുടം നേര്‍ച്ചയിലായിരുന്നു..

അതൊക്കെ വിട്ടു പുതിയൊരു ലോകത്തേക്കാണ്‌ വന്നിരിക്കുന്നത്..

പുതിയ ആള്‍ക്കാര്‍, പുതിയ സംസ്ക്കാരങ്ങള്‍, ഉയരമുള്ള കെട്ടിടങ്ങള്‍..എവിടെയും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകള്‍ മാത്രം.. ആദ്യമായി നാടുവിട്ടത്തിന്റെയാവാം.



എന്താണ് നാട്ടിലെ വിശേഷം..?



അളിയന്റെ ചോദ്യം കേട്ടപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്..

നടന്നു നടന്നു ലോക്കല്‍ ട്രെയിന്‍ പ്ലാട്ഫോമിലെത്തിയിരുന്നു..

അവിടെയും തിരക്ക് തന്നെ..ഒരുവിധത്തില്‍ ട്രയിനില്‍ കയറിപ്പറ്റി, ഇരിപ്പിടമൊക്കെ നേരത്തെ കയറിയ മിടുക്കന്മാര്‍ കയ്ക്കലാക്കിയിരുന്നു..

കയ്യിലുള്ള ബാഗും മറ്റും ഒതുക്കിവെച്ചു, മേലെ പിടിച്ചു നില്‍ക്കുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി..

റഷീദ് വഴി മുംബൈ നഗരത്തെകുറിച്ചുള്ള ഏകദേശ വിവരമൊക്കെ ചോതിച്ചു മനസ്സിലാക്കി, ഇറങ്ങാനുള്ള സ്ഥലം അടുത്തെത്തിയിരുന്നു..

ദാദറും, മാട്ടുംഗയും കഴിഞ്ഞപ്പോള്‍ അളിയന്റെ നിര്‍ദേശം വന്നു, ഇത്തിരി നേരമേ ഇറങ്ങാന്‍ സമയം കിട്ടൂ..അതിനുള്ളില്‍ ഇറങ്ങണം, അല്പം ഭയത്തോടെ തന്നെ ഇറങ്ങാന്‍ തയ്യാറായി വാതിലിന്റെ അടുത്തേക്ക് നീങ്ങി നിന്നു, വെറുതെ പുറത്തേക്ക് നോക്കിയപ്പോള്‍ തന്നെ കണ്ടത് മനം മടുപ്പിക്കുയ വൃത്തികെട്ട കാഴ്ചയാണ്,റയില്‍വേ ട്രാക്കില്‍ മലമൂത്രവിസര്‍ജനം ചെയ്യാനിരിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍, അതില്‍ ആണും പെണ്ണും കുട്ടികളുമുണ്ട്, ഒരുകയ്യില്‍ ഒരു പാത്രവും,

ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു,

വാതിലില്‍ തൂങ്ങി നില്‍ക്കുന്നവരുടെ മൂക്കിലേക്ക് കാറ്റിലൂടെ ആ ചീത്തഗന്ധം കയറിയിട്ടും ഒന്നും സംഭവിക്കാത്തമട്ടില്‍ അവര്‍ അവിടെ തന്നെ നില്‍ക്കുന്നു..ഇതില്‍നിന്നു മനസ്സിലായി

മുംബൈ നിവാസികളുടെ പൊതുകക്കൂസ് ഏതാണെന്ന്,

അപ്പോഴേക്കും വണ്ടി സയനെത്തി.. ഒരുവിധത്തില്‍ പുറത്തുകടന്നു അവരുടെ കൂടെ നടന്നു, സയന്‍ - ദാരാവി ഓവറ്ബ്രിട്ജ് കയറി തിരക്കുപിടിച്ച വഴികളിലൂടെ മുന്നോട്ടുള്ള യാത തുടര്‍ന്നു, റഷീദ് വിവര്ച്ചു തന്നു, ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശം എന്നറിയപ്പെടുന്ന ദാരവി എന്ന സ്ഥലം.. കേട്ടപോലെ തന്നെ..

തീരെ പരിചിതമല്ലാത്ത വളരെ ഇടുങ്ങിയ വഴികള്‍, നായ്ക്കളും പന്നികളും കഴുതകളും മനുഷ്യരും ഒന്നിച്ചു ജീവിക്കുന്ന വൃത്തികെട്ട സ്ഥലം..എന്നാലും തിരക്കിനൊരു കുറവുമില്ല..

തമിഴും മറാത്തിയും മലയാളവും ഹിന്ദിയും ഉറുദുവും തുടങ്ങി ഒരുവിധം എല്ലാ ഭാഷയും കേള്‍ക്കാം..വഴിയോരത്തും അഴുക്കുചാലിന്റെ മുകളിലും ഒരു നാണവുമില്ലാതെ കുറെ കുട്ടികള്‍ മലമൂത്രവിസര്‍ജനം ചെയ്യാനിരിക്കുന്നു..

ഈ അഴുക്കുചാലിലൂടെയാണ് കുടിവെള്ളം മോഷ്ടിച്ച് കടത്തുന്ന പൈപ്പ് ലൈനും പോവുന്നത്..എല്ലാ അഴുക്കുചാലിലൂടെയും പത്തോ ഇരുപതോ പൈപ്പ് ലൈന്‍ കാണാം..

എന്റെ ഭാവം കണ്ടിട്ടാവണം റഷീദ് പറഞ്ഞു ഇതൊക്കെ ഇങ്ങിനെ കിടക്കും..സര്‍ക്കാര്‍ വക പൊതുകക്കൂസ് ഇതിനേക്കാള്‍ മോശമാ.. അവിടെ പോവാന്‍ മടിക്കുന്നവരും ഇങ്ങിനെ തന്നെയാ കാര്യം നടത്തുന്നത്..

ചിലര്‍ വെള്ളമെടുത്ത് റയില്‍വേ ട്രാക്കിലേക്ക് പോവും.. അതാ നീ നേരത്തെ കണ്ടത്..

എങ്ങിനെയൊക്കെയോ പല പല ഇടവഴികളും ചെറിയ റോഡുകളും താണ്ടി ഒടുവില്‍ റൂമിലെത്തി നെടുവീര്‍പ്പിട്ടു.



ദിവസങ്ങള്‍ മാസങ്ങളായി, കാര്യമായ പണിയൊന്നും ശരിയായില്ല,

ഭാഷ അറിയാത്തതുകൊണ്ട് പുറത്തൊന്നും അയക്കുന്നുമില്ല..

വെറുതെയിരുന്നു മടുത്തു, അങ്ങിനെ അടുത്തുള്ള തമിഴന്റെയടുത്ത് ഒരു ജോലി ശരിയായി..അയാള്‍ക്ക്, പുതിയതായി ഇറങ്ങുന്ന മലയാളം, തമിഴ് സിനിമകളുടെ ക്യാമറ പ്രിന്റ്‌ വീഡിയോ കാസറ്റ് സങ്കടിപ്പിച്ച്ചു ഒരു വലിയ ഹാളില്‍ ഒരു ടീവിയും വീ സീ ആറും വെച്ച് പ്രദര്‍ശനം നടത്തുന്ന ബിസിനസ്സാണ്, വളരെ രഹസ്യമായിട്ടാണ് നടത്തുന്നത്, വഴിയിലും മറ്റും പോലീസ് വരുന്നത് നോക്കാനൊക്കെ ആളുകള്‍ കാവല്‍ നില്‍ക്കുന്നുണ്ടാവും, എന്നാലും നിറയെ ആളുകള്‍ വരും, ദാരാവിയില്‍ മിക്കയിടത്തും ഈ ബിസിനസ്സ് സര്‍വസാധാരണയാണ്,

പോലീസുകാരും അതില്‍നിന്നു പങ്കുപറ്റുന്നത്കൊണ്ട് അധികമാരും പരിശോധിക്കാന്‍ വരാറില്ല.

എന്റെ ജോലി അവിടെ പുതിയതായി വരുന്ന മലയാളം സിനിമകള്‍ക്ക്

മലയാളത്തില്‍ പരസ്യം എഴുതുക, ടിക്കറ്റ്‌ കൊടുക്കുക, തുടങ്ങിയവയാണ്..

ഒരു പാട് സിനിമകള്‍ക്ക് അങ്ങിനെ പരസ്യം എഴുതിക്കൊടുത്തിട്ടുണ്ട്,

ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത് നമ്മുടെ മമ്മൂട്ടി അഭിനയിച്ച ഒരു സി ബി ഐ ഡയറിക്കുറിപ്പ്‌ എന്ന സിനിമയുടെ പരസ്യമാണ്‌, കാരണം ഏകദേശം ഒരു മാസത്തില്‍കൂടുതല്‍ ആ സിനിമ അവിടെ കാണിക്കുകയുണ്ടായി,

ദിവസവും മൂന്നു ഷോ വീതം കാണിച്ചു തമിഴന്‍ പൈസ ഒരുപാടുണ്ടാക്കി.

ഒപ്പം ഞാന്‍ കുറെ അസുഖങ്ങളും..

ടൈഫോയിഡ് മുതല്‍ മഞ്ഞപ്പിത്തം,കോളറ..

എല്ലാം അതിജീവിച്ചു വന്നപ്പോഴേക്കും കുറേശെ ഹിന്ദിയും പഠിച്ചു, അങ്ങിനെ സയന്‍ വൈദ്യുത ശ്മശാനത്തിന്റെ അടുത്തുള്ള കാശ്മീരിയുടെ വര്‍ക്ക് ഷോപ്പില്‍ ഒരു പണി ശരിയായി..

(ശ്മശാനത്തിന്റെ അടുത്തായതുകൊണ്ട് ആട്ടും പാട്ടും വെടിക്കെട്ടും പൈസ വാരിയെറിഞ്ഞും കസേരയില്‍ ഇരുത്തിയും മറ്റും കൊണ്ടുവരുന്ന മൃതശരീരങ്ങള്‍ കാണുന്നതും ഒരു കാഴ്ചയായിരുന്നു)

ആദ്യത്തെ മൂന്നു മാസം എങ്ങിനെ എന്നു നോക്കും, എന്തായാലും ആള്‍ വരട്ടെ, അളിയന്റെ സുഹൃത്ത് തിരുവനന്തപുരത്തുകാരന്‍ രാജന്‍ പറഞ്ഞു, അയാള്‍‍ ആ ഗ്യാരെജില്‍ മാനേജരാണ്..

ആദ്യത്തെ രണ്ടു മൂന്നു ദിവസം ബസ്സിനായിരുന്നു പോക്കും വരവും, റെയില്‍വേ ട്രാക്കിന്റെ കിഴക്കേ ഭാഗം ദാരാവിയും പടിഞ്ഞാറ് ഭാഗം സയനുമാണ്..

ഓവറ്ബ്രിട്ജ് കയറി ബസ്സ്റ്റോപ്പ്‌ വരെനടക്കുന്ന സമയംകൊണ്ട് റെയില്‍വേ ട്രാക്ക് വഴി നടന്നാല്‍ ഗ്യാരെജിലെത്താം, റെയില്‍വേ ട്രാക്കാണ്, ശ്രദ്ധിക്കണം, എന്നാലും കുറച്ചു വഴി ലാഭിക്കാലോ.. പിന്നീടുള്ള നടത്തം അതുവഴിയായി..

പടിഞ്ഞാറ് ഭാഗത്തുള്ള രണ്ടു ട്രാക്ക് ഫാസ്റ്റ് ട്രെയിന്‍ പോവാനുള്ളതാണ്, കിഴക്ക് രണ്ടെണ്ണം വേഗത കുറഞ്ഞ ലോക്കല്‍ ട്രെയിന്‍ പോവാനും..

പടിഞ്ഞാറ് ഭാഗത്തേക്ക് റെയില്‍വേ ട്രാക്കില്‍ നിന്ന് കയറാന്‍ അല്പം പ്രയാസമാണ്,

ശരിയായ വഴിയോന്നുമല്ല, ഉയര്‍ന്ന മതില്‍ പൊളിഞ്ഞ വളരെ ഇടുങ്ങിയ ഭാഗമാണ്,

തന്നെയുമല്ല മണ്ണിന്റെ തിട്ട ഇടിഞ്ഞു വീണ കാരണം നല്ലപോലെ ശ്രദ്ധിച്ചു വേണം കയറാനും ഇറങ്ങാനും, അല്പം ശ്രദ്ധ തെറ്റിയാല്‍ നേരെ ഫാസ്റ്റ് ട്രാക്കിലെ ട്രെയിനിന്റെ മുന്നിലേക്കാവും പോക്ക്..!

ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു പോവുമ്പോള്‍ ഇതുപോലെ വളരെ പ്രയാസപ്പെട്ടാണ് പോയത്..വഴിയും പൈസയും ലാഭിക്കാമെന്ന ഒറ്റക്കാരണം കൊണ്ടു മാത്രമാണ് ഈ വഴിയിലൂടെ അതും വൃത്തികെട്ട മണവും മലമൂത്ര വിസര്‍ജനവും നടത്തുന്ന റെയില്‍വേ ട്രാക്കിലൂടെ പോവുന്നത്..

അങ്ങിനെ വീട്ടിലേക്കുള്ള യാത്രയില്‍ ഫാസ്റ്റ് ട്രാക്ക് മുറിച്ചുകടക്കുന്ന നേരം മുംബൈയില്‍ നിന്ന് മുംബൈ - പൂനെ ട്രെയിന്‍(ആ ട്രെയിന്‍ വെള്ള നിറത്തിലാണ്, അതുകൊണ്ട് വേഗം മനസ്സിലാവും) വരുന്നത് പെട്ടെന്നാണ് കണ്ണില്‍ പെട്ടത്.. വേഗം അപ്പുറത്തേക്ക് ചാടിക്കടക്കാന്‍ നേരം അപ്പുറത്തെ ട്രാക്കില്‍നിന്നു മുംബൈ ഭാഗത്തേക്ക് നീണ്ട ഹോണ്‍ മുഴക്കി ഏതോ വേറെ ഒരു ട്രെയിനും...!!

മരണം മണക്കുന്ന വഴിയാണെന്ന് തിരിച്ചറിഞ്ഞ നേരം..!!!

കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ..

ഒരു നിമിഷം ആകെ പകച്ചുപോയി, വേഗത്തില്‍ വന്ന ട്രെയിനിന്റെ ശക്തിയേറിയ കാറ്റ്മൂലമോ അതോ മരണത്തില്‍നിന്നു രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ ട്രാക്കില്‍ വഴുതിയതാണോ എന്തോ ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് ഒരാള്‍ക്ക് കഷ്ടിച്ച് നേരെ നില്‍ക്കാന്‍പോലും കഴിയാത്ത ആ വൃത്തികെട്ട റയില്‍വേ ട്രാക്കുകളുടെ രണ്ടു ട്രെയിനുകള്‍ക്കും ഇടയില്‍ ഞാന്‍ വീണുപോയി..അങ്ങിനെ അവിടെ എത്ര നേരം കിടന്നു എന്നോര്‍മയില്ല...

എന്തോ ഒരു മുഴക്കം കേട്ടാണ് കണ്ണു തുറന്നു നോക്കിയത്..അപ്പൊ അടുത്ത ട്രെയിന്‍ വരുന്നത് ദൂരെ നിന്ന് കാണാമായിരുന്നു.. ഒരുവിധം മനസ്സാന്നിധ്യംകൊണ്ടു ഇഴഞ്ഞും നീന്തിയുമൊക്കെ എങ്ങിനെയൊക്കെയോ കുറച്ചു വീതികൂടിയ ഭാഗത്തേക്ക് എത്തിപ്പെട്ടു എന്നുപറയാം..അവിടെകിടന്നു കയ്യില്‍ നുള്ളിനോക്കി..ഞാന്‍ മരിച്ചുവോ..ജീവനുണ്ടോ..

അന്നും ഇന്നും എന്നും ട്രയിനിന്റെ കാര്യം പറയുമ്പോഴും കാണുമ്പോഴും ഓര്‍ക്കുമ്പോഴുമെല്ലാം ഈ ഓര്‍മകളാണ് ആദ്യം മനസ്സില്‍ ഓടിയെത്തുന്നത്..

എനിക്ക് കിട്ടിയ ഒരു രണ്ടാം ജന്മം.