Thursday, July 10, 2014

നന്മയുള്ള കൃഷിയോര്‍മ്മകള്‍..

നന്മയുള്ള കൃഷിയോര്‍മ്മകള്‍..
============================
1978 ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച, അന്നായിരുന്നു ഓര്‍മ്മയിലെ കൃഷിയെന്ന മഹത്തായ സംസ്ക്കാരത്തിലേക്കുള്ള ആദ്യത്തെ രംഗപ്രവേശം. എന്റെ പ്രിയപ്പെട്ട സ്കൂളായ വട്ടേക്കാട് എ എം യു പി സ്കൂളിലെ സേവനവാരത്തിന് തുടക്കമെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ എല്ലാവരും അവരവരുടെ വീട്ടില്‍ നിന്ന് മുളപ്പിച്ച വിത്തുകളോ തൈകളോ കൊണ്ട് വരണമെന്ന നിര്‍ദേശം വന്നതോടെ ഞാനും വീട്ടില്‍ വിഷയം അവതരിപ്പിച്ചു,
ഉപ്പയെന്ന ഉത്തമ കര്‍ഷകന്‍ രാവിലെ ഞാന്‍ മദ്രസ വിട്ടു വരുമ്പോഴേക്കും രണ്ടു ചെറിയ വാഴക്കന്നും രണ്ടു മൂന്നു പപ്പായയും ഒരു ആര്യവേപ്പിന്‍ തയ്യും പറിച്ചെടുത്തു പേപ്പറില്‍ നനച്ചു പൊതിഞ്ഞു തുണി സഞ്ചി (അന്നൊക്കെ വിഷം വമിക്കുന്ന പ്ലാസ്റ്റിക് സംസ്ക്കാരത്തിന് പകരം എല്ലാ വിട്ടിലും കടയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാനും റേഷന്‍ വാങ്ങാനും മറ്റും ഇങ്ങിനെയുള്ള തുണി സഞ്ചികളാണ് ഉപയോഗിച്ചു വന്നിരുന്നത്) യിലാക്കി വെച്ചിരുന്നു.
മനസ്സില്‍ നിറയെ സന്തോഷമായിരുന്നു.. സ്ക്കൂള്‍ പുസ്തകമില്ലാതെ ഒന്നും പഠിക്കാതെ സ്കൂളില്‍ പോവാന്‍ കിട്ടുന്ന പ്രിയപ്പെട്ട ഒരു തിങ്കളാഴ്ച ദിവസം..
തുണിസഞ്ചിക്ക് ഭാരം കൂടിയപ്പോള്‍ ഒരു കയ്യില്‍ തുണി സഞ്ചിയും മറു കയ്യില്‍ എന്നെയും പിടിച്ചു എന്റെ പ്രിയപ്പെട്ട ഉപ്പയും കൂടെ സ്ക്കൂളില്‍ വന്നു. കളിയിലൂടെ കണക്ക് പഠിപ്പിക്കുന്ന പാവറട്ടി സ്വദേശിയായ മാത്യു മാഷ്‌ അന്ന് എല്ലാവര്ക്കും പ്രിയപ്പെട്ടവനും ഏവരും ബഹുമാനിക്കുന്ന അധ്യാപകനുമാണ്.. (തെറ്റുകള്‍ കണ്ടാല്‍ കുട്ടികള്‍ക്കെല്ലാം മാഷേ പോലെ വണ്ണം കുറഞ്ഞ നീണ്ട ചൂരല്‍ കൊണ്ട് ചുട്ട അടിയും കിട്ടുമെന്നത് വേറെ കാര്യം) അദ്ദേഹമാണ് സ്ക്കൂളിന്റെ പുറകിലുള്ള വടക്ക് വശത്തെ ഒഴിഞ്ഞ പറമ്പില്‍ സേവനവാരം പ്രമാണിച്ച് തൈകള്‍ നട്ടു വളര്‍ത്തി പരിപാലിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കിയിരുന്നത്.
അതങ്ങിനെയാണ് നാട്ടില്‍ ഉത്സവങ്ങള്‍ വരുമ്പോള്‍ കൊണ്ടുപോയി സ്നേഹത്തോടെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് കുട്ടികള്‍ക്ക് മിഠായി വാങ്ങി തരുന്നതും വിവാഹങ്ങളും മരണവും അങ്ങിന എന്ത് കാര്യങ്ങള്‍ നാട്ടില്‍ നടക്കുമ്പോഴും മാത്യു മാഷ്‌ തന്നെയാണ് സ്വന്തം വിദ്യാര്‍ഥികളെയും കൂട്ടി മുന്നിലുണ്ടാവുക. സേവനവാരം പ്രമാണിച്ചും പതിവ് തെറ്റിയില്ല, മാഷ്‌ തന്നെ ഞങ്ങള്‍ കുടിക്കളെയും കൂട്ടി അടുത്ത വീടുകളില്‍ നിന്ന് കുഴിയെടുക്കാനായി കൈകോട്ടുകളും വെട്ടുകത്തികളും വെള്ളം നിറച്ച കുടങ്ങളും മറ്റും സംഘടിപ്പിച്ചു, വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന തൈകളും ചെടികളും നിര നിരയായി വെച്ചു.
പരിപാടിയില്‍ സജീവമാവാന്‍ എന്റെ ഉപ്പയെപോലെ മിക്ക കുട്ടികളുടെയും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. പരിപാടിക്ക് ശേഷം എല്ലാവര്ക്കും വിതരണം ചെയ്യാന്‍ മിട്ടായികളും അവില്‍ തേങ്ങയില്‍ കുഴച്ചു ശര്‍ക്കര ചേര്‍ത്തതും സ്കൂളില്‍ എന്നും ഉണ്ടാക്കുന്ന ഗോതമ്പിന്റെ ഉപ്പുമാവും (ഈ ഉപ്പുമാവ് പണ്ട് സ്ക്കൂളില്‍ നിന്ന് കഴിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ ആ പ്രത്യേക രുചി) ചക്കര കഞ്ഞിയുമെല്ലാം ടീച്ചര്‍മാര്‍ തന്നെ ഏര്‍പ്പാട് ചെയ്തിരുന്നു. ഹെഡ് മാസ്റ്റര്‍ വന്നതോടെ പാരിപാടിക്ക് തുടക്കമായി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ കുറെ നന്മയുള്ള വാക്കുകള്‍ പറഞ്ഞു കൊണ്ട് ഹെഡ് മാസ്റ്റര്‍ സേവനവാരം ഉദ്ഘാടനം ചെയ്തു.
മാത്യു മാഷും മറ്റു അദ്ദ്യപകരും ടീച്ചര്‍മാരും രക്ഷിതാക്കളും ചേര്‍ന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞു പറമ്പ് വൃത്തിയാക്കാനും കുഴിയെടുക്കാനും ചെടികളും തൈകളും നടാന്‍ തുടങ്ങി. വീട്ടില്‍ നിന്ന് കൊണ്ടുവന്ന തൈകളും കൂട്ടുകാരന്‍ രാജന്‍ കൊണ്ടുവന്ന പേരയുടെ തൈകളും കൂടി കയ്യിലെടുത്തു മറ്റുള്ളവരെപോലെ ഞങ്ങളും തൈകള്‍ നടാനുള്ള ശ്രമമായി. കൈകോട്ട് കയ്യിലെടുത്ത് കുഴിയെടുക്കാന്‍ ഉപ്പ ഞങ്ങളെ സഹായിച്ചു, കൈകൊണ്ടു മണ്ണ് മാന്തി ഞങ്ങള്‍ ഉപ്പയെയും. അങ്ങിനെ ജീവിതത്തില്‍ ആദ്യമായി നട്ടുവളര്‍ത്തിയ എന്റെ പ്രിയപ്പെട്ട ആര്യവേപ്പും വാഴയും പപ്പായയും കൂട്ടുകാരന്‍ രാജന്‍ നട്ടുവളര്‍ത്തിയ പേരമരവുമെല്ലാം ആദ്യകൃഷിയുടെ നന്മയുള്ള ഓര്‍മ്മകളായി മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു...!
വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും മഹത്തായ കാര്‍ഷിക സംസ്ക്കാരം മനസ്സില്‍ സൂക്ഷിക്കാന്‍ എന്നെ സഹായിച്ച, പ്രോത്സാഹിപ്പിച്ച എന്റെ പ്രിയപ്പെട്ട ഗുരുക്കന്മാരായ മാതാപിതാക്കളെ ഓര്‍മ്മിച്ചുകൊണ്ട്...
സ്നേഹതോടെ ഉത്സാഹത്തോടെ, തൈകളും ചെടികളും നട്ടു നനച്ച അന്നത്തെ സേവനവാരവും മരങ്ങളും പച്ചക്കറികളും നിറഞ്ഞ സ്കൂള്‍ മുറ്റവും മാത്യു മാസ്റ്റര്‍ എന്ന മഹാ മനസ്സിന്റെ കുട്ടികളോടും സ്കൂളിനോടും നാടിനോടുമുള്ള സ്നേഹവുമെല്ലാം മായാതെ മറയാതെ മനസ്സിന്റെ മണിച്ചെപ്പില്‍ ഇന്നും സൂക്ഷിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമായി കരുതുന്നു.

No comments: