Monday, December 24, 2012


കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കാന്‍

കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കുമ്പോള്‍ നാട്ടില്‍ ലഭിക്കുന്ന വിലകുറഞ്ഞതും പോഷകമേന്മയുള്ളതുമായ വസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കണം. പ്രോട്ടീന്‍, അന്നജം, കൊഴുപ്പ് എന്നിവയടങ്ങിയ ചേരുവകള്‍ക്ക് പ്രാധാന്യം നല്‍കണം. പിണ്ണാക്കുകള്‍, തവിട്, ചോളം, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. പ്രോട്ടീന്‍ കൂടുതലുള്ള ചേരുവകള്‍ക്കാവണം മുന്‍ഗണന. നിലക്കടലപ്പിണ്ണാക്കില്‍ 40-45%-വും തേങ്ങപ്പിണ്ണാക്കില്‍ 23%-വും, പരുത്തിക്കുരുപ്പിണ്ണാക്കില്‍ 38-40%-വും, എള്ളിന്‍പിണ്ണാക്കില്‍ 36-46%-വും കാത്സ്യം അടങ്ങിയിട്ടുണ്ട്. പാഴായിപ്പോകുന്ന കാര്‍ഷിക ഉപോത്പന്നങ്ങളായ റബ്ബര്‍കുരുപ്പിണ്ണാക്ക്, പുളിങ്കുരു, റെയിന്‍ ട്രീ കായ, മാങ്ങയണ്ടിപ്പരിപ്പ്, പരുത്തിക്കുരു, കുളവാഴ, ചകിരിച്ചോറ്, കൊക്കോതോട്, മൊളാസസ്, സ്റ്റാര്‍ച്ച് വേസ്റ്റ് കരിമ്പിന്‍ചണ്ടി, കശുമാങ്ങ എന്നിവ തീറ്റയില്‍ ചേര്‍ക്കാം. കറിയുപ്പും വിറ്റാമിന്‍ മിശ്രിതങ്ങളും തീറ്റയില്‍ ചേര്‍ക്കണം. ഒരു കി.ഗ്രാം തീറ്റയില്‍ 2 ഗ്രാം എന്ന തോതില്‍ ഉണക്കിപ്പൊടിച്ച യീസ്റ്റ് ചേര്‍ക്കുന്നത് പാലുല്പാദനം കൂട്ടാനും പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.വനാഗിരി രണ്ടൗണ്‍സ് വീതം നല്‍കുന്നത് പാലിലെ കൊഴുപ്പിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. തീറ്റപ്പുല്ല്, വൈക്കോല്‍ സംപുഷ്ടീകരണം നടത്തി പോഷകമേന്മ വര്‍ദ്ധിപ്പിക്കാം.

തീറ്റച്ചെലവ് കുറയ്ക്കാനായി ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിലും തെങ്ങിന്‍തോപ്പില്‍ ഇടവിളയായും തണല്‍ പ്രദേശങ്ങളില്‍ തീറ്റപ്പുല്ല്, തീറ്റമരങ്ങള്‍ എന്നിവ കൃഷി ചെയ്യാം. ഗിനിപ്പുല്ല്, നേപ്പിയര്‍, പാരപ്പുല്ല്, മക്കച്ചോളം, വന്‍പയര്‍, പുല്‍പയര്‍ മിശ്രിതം, സ്റ്റൈലോസാന്തസ്, കോംഗോ സിഗ്നല്‍, സെറ്റേറിയ, കപ്പയില, മുളയില, ശീമക്കൊന്ന, സുബാബുള്‍, തോട്ടപ്പയര്‍, സെന്‍ട്രോസീമ, ക്ലോവര്‍ എന്നിവയാണ് കൃഷി ചെയ്യാവുന്ന മറ്റിനങ്ങള്‍.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച ഇനമാണ് കോംഗോ സിഗ്‌നല്‍ചെറിയ ചൂടും തണുപ്പുമുള്ള സ്ഥലങ്ങളാണ് കൃഷിക്കനുയോജ്യം. ഇടുക്കി, വയനാട് ജില്ലകളിലും മലയോരമേഖലകളിലും കോംഗോസിഗ്നല്‍ കൃഷി ചെയ്തു വരുന്നുണ്ട്. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങലില്‍ ഇത് കൃഷി ചെയ്യാം. 11/2 മാസത്തിനുശേഷം വിളവെടുപ്പ് നടത്താം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ ഒരു ഹെക്ടറില്‍ നിന്നും 50-100 ടണ്‍ വരെ തീറ്റപ്പുല്ല് ലഭിക്കും.

ചതുപ്പു പ്രദേശങ്ങളില്‍ പാരപ്പുല്ല് കൃഷിചെയ്യാവുന്നതാണ്. വിളവ് ലഭിക്കാന്‍ 21/2 മാസം വേണ്ടി വരും. ഒരു ഹെക്ടറില്‍ നിന്ന് 45 ടണ്‍ പുല്ല് ലഭിക്കും. പൂഴിപ്രദേശങ്ങളില്‍ മഞ്ഞച്ചോളവും മക്കച്ചോളവും കൃഷി ചെയ്യാം. ഒരു ഹെക്ടറില്‍ നിന്നും 21/2 മാസത്തിനു ശേഷം 35-40 ടണ്ണിലധികം പുല്ല് ലഭിക്കും. സുബാബുള്‍ (പീലിവാക) മലഞ്ചെരുവുകളിലും ജലസേചനസൗകര്യം കുറഞ്ഞ സ്ഥലങ്ങളിലും നടാം. 2 മാസത്തില്‍ ഹെക്ടറൊന്നിന് 25 ടണ്‍ വിളവ് ലഭിക്കും. നേപ്പിയര്‍, സങ്കരനേപ്പിയര്‍ എന്നിവ ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ നല്ല വിളവു തരും. തണ്ടുകള്‍ നട്ടാണ് കൃഷിചെയ്യുന്നത്. 3-ാം മാസത്തില്‍ വിളവെടുക്കാം. ഒരു ഹെക്ടറില്‍ നിന്നും 145-300 ടണ്‍ വരെ പുല്ല് ലഭിക്കും.

തണുത്ത കാലാവസ്ഥയില്‍ ഗിനിപ്പുല്ല് നന്നായി വളരും. ഒരു ഹെക്ടറില്‍ നിന്ന് 120-150 ടണ്‍ പുല്ല് ലഭിക്കും.ഇടവിളയായി പയര്‍, ഉഴുന്ന് എന്നിവ കൃഷിചെയ്യാം. പയര്‍ ഉഴുന്നിന്‍ചണ്ടി എന്നിവ കാലിത്തീറ്റയായി നല്‍കാം. സ്റ്റെലോസാന്തസ് പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ആവരണ വിളയാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ ഇവ കൂടുതല്‍ വിളവ് തരും. ഒരു ഹെക്ടറില്‍ നിന്നും 25-30 ടണ്‍ കാലിത്തീറ്റ ലഭിക്കും ഒരു തവണ കൃഷി ചെയ്താല്‍ 4-5 തവണ ഉപയോഗിക്കാവുന്നതിനാല്‍ തെങ്ങിന്‍തോപ്പില്‍ തീറ്റപ്പുല്‍കൃഷി ഏറെ ലാഭകരമാണ്.

വൈക്കോല്‍ 1 -2% വീര്യത്തിലുള്ള സോഡാക്കാരത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്ത് വെള്ളത്തില്‍ കഴുകി ഉണക്കി ഉപയോഗിച്ചാല്‍ 30-35% ദഹനക്ഷമത കൂട്ടാനും ഓക്‌സലേറ്റിന്റെ അളവ് കുറച്ച് കാത്സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും സഹായിക്കും. മൊളാസസ്സും യൂറിയയും ചേര്‍ത്ത് വൈക്കോല്‍ സംപുഷ്ടീകരണം നടത്തുന്നത് രുചി, പോഷക മേന്മ എന്നിവ വര്‍ദ്ധിക്കാനിടവരുത്തും. ആവശ്യത്തിലധികമുള്ള പച്ചപ്പുല്ല് ഉണക്കി ഹേ (hay) ആക്കി സൂക്ഷിക്കാം. പച്ചപ്പുല്ല് സൈലേജാക്കി ദീര്‍ഘകാലം സൂക്ഷിക്കാം. ഇതിലൂടെ രുചി, ദഹലക്ഷമത, പോഷമകമേന്മ എന്നിവ വര്‍ദ്ധിപ്പിക്കാം. പശുവൊന്നിന് ദിവസേന 15 കി.ഗ്രാം സൈലേജ് നല്‍കാം. കന്നുകാലികളിലെ പോഷകന്യൂനത പരിഹരിക്കാനായി ദേശീയ ക്ഷീരവികസന ബോര്‍ഡ് രൂപകല്‍പന ചെയ്ത യൂറിയ-മൊളാസസ് ബ്ലോക്ക് ഇന്ന് വിപണിയിലുണ്ട്.

No comments: