Wednesday, January 9, 2013

മട്ടുപ്പാവിലെ ഹരിതസമൃദ്ധി

മട്ടുപ്പാവിലെ ഹരിതസമൃദ്ധി

വീടിന്റെ മട്ടുപ്പാവ് നിറയെ ഫലവൃക്ഷങ്ങളും പച്ചക്കറികളും. അല്‍ഫോന്‍സാ, നീലം മാവുകള്‍, മുസമ്പി, സപ്പോട്ട, പേര, മാതളം, ചാമ്പ, നാരകം, മുരിങ്ങ എന്നിവ കായ്ച്ചുനില്‍ക്കുന്ന കാഴ്ച ഹൃദ്യം. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന വലിയതുറ ഫിഷറീസ് സ്‌കൂളിന് സമീപമുള്ള കാഞ്ഞിരത്തുംമൂട്ടില്‍ കെ.ടി. തോമസ്സിന്റെ മട്ടുപ്പാവിലാണ് ഈ ഹരിതവിരുന്ന്.

നെല്ലി, മലയന്‍ ആപ്പിള്‍, സബര്‍ജല്ലി, ആത്ത തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ശേഖരം ഈ മട്ടുപ്പാവിനെ പച്ചമേലാപ്പണിയിച്ചിരിക്കുന്നു. ഫലവൃക്ഷങ്ങള്‍ മാത്രമല്ല, കോളിഫ്ലവര്‍, കാബേജ്, ചീര, വെണ്ട, തക്കാളി, പച്ചമുളക്, പയര്‍, ഇഞ്ചി, കറിവേപ്പ്, കുരുമുളക്, കരിമ്പ്, രാമച്ചം തുടങ്ങി ഈ മട്ടുപ്പാവില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഏതാണ്ട് ആയിരത്തി ഒരുനൂറ് ചതുരശ്രയടി വിസ്തൃതിയുള്ള മട്ടുപ്പാവിലെ കൃഷിക്കുമുണ്ട് ചില പട്ടാളച്ചിട്ടകള്‍. രണ്ട് പതിറ്റാണ്ടിലേറെക്കാലം അതിര്‍ത്തിയില്‍ രാജ്യസേവനം നടത്തിയ എഴുപതുകാരനായ തോമസ്സിന്റെ മട്ടുപ്പാവിലെ കൃഷി പരിചരണമുറകള്‍ക്കെല്ലാം കൃത്യമായ ചിട്ടയും നിഷ്ഠയുമുണ്ട്.

സാധാരണപോലെ ചട്ടിയിലോ ചാക്കിലോ കൃഷിചെയ്യുന്നതിനുപകരം ടയറുകൊണ്ടുള്ള കുട്ടയില്‍ മണ്ണുനിറച്ചുള്ള കൃഷിയാണിവിടെ. നൂറ്-നൂറ്റമ്പത്‌രൂപ വിലയുള്ള റബ്ബര്‍ കുട്ട വാങ്ങുന്നതുകൊണ്ട് അത് കൂടുതല്‍ കാലം ഈട്‌നില്‍ക്കും. വായ്‌വട്ടവും വിസ്തൃതിയും കൂടുതലുള്ളതിനാല്‍ കൂടുതല്‍ വേരാഴ്ത്തി ചെടികള്‍ക്ക് വളരാന്‍ കഴിയും. ഏതാണ്ട് നൂറോളം റബ്ബര്‍ കുട്ടകളില്‍ ഫലവൃക്ഷങ്ങളും പച്ചക്കറികളും വളരുന്നുണ്ട്.

ഇഷ്ടികവെച്ച് അതിന്മേല്‍ തടിക്കഷ്ണങ്ങള്‍ കുറുകെവെച്ച് ഒരു തട്ടുണ്ടാക്കി ഓരോ കുട്ടയും ടെറസ്സിന്റെ തറനിരപ്പില്‍ നിന്ന് പൊക്കിവെച്ചിരിക്കുകയാണ്. അധികമുള്ള വെള്ളം ഊര്‍ന്നുപോകുന്നതിനായി ഓരോ കുട്ടയുടേയും അടിഭാഗത്ത് മധ്യത്തിലായി ദ്വാരമിട്ടിട്ടുണ്ട്. ഈ ദ്വാരത്തിലൂടെ ഇറ്റുവീഴുന്ന വെള്ളം ഒരു തുള്ളിപോലും മട്ടുപ്പാവില്‍ വീഴുന്നുമില്ല. ഈ വെള്ളം ശേഖരിക്കുന്നതിനായി ഓരോ കുട്ടയുടെയും ചുവട്ടില്‍ പ്ലാസ്റ്റിക്‌ബേസിന്‍ വെച്ചിരിക്കുകയാണ്. ഇതില്‍ വീഴുന്ന വെള്ളം വീണ്ടും ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുകയാണ്. വെള്ളം ഒരു തുള്ളിപോലും നഷ്ടമാകാതിരിക്കാനും മട്ടുപ്പാവിന് കേടുസംഭവിക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഈ ജലസംരക്ഷണ സംവിധാനം.

ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ്, സ്റ്റെറാമീല്‍ എന്നിവയാണ് പ്രധാന വളങ്ങള്‍. വളപ്രയോഗത്തില്‍ പൊടിക്കൈ പ്രയോഗവും നടത്തുന്നുണ്ട്. ആട്ടിന്‍പുഴുക്ക വെള്ളത്തിലിട്ട് കുതിര്‍ത്ത് ഇടയ്ക്കിടെ ചേര്‍ത്തുകൊടുക്കും. ചെടികള്‍ കരുത്തോടുകൂടി വളരുന്നതും രോഗബാധകളുണ്ടാകാത്തതും ഈ വളപ്രയോഗം കൊണ്ടാണെന്നാണ്‌തോമസ്സിന്റെ പക്ഷം. എല്ലാദിവസവും രാവിലെയും വൈകുന്നേരവും നനച്ചുകൊടുക്കും. ആവശ്യത്തിനുമാത്രം വെള്ളം ഒഴിച്ചുകൊടുക്കുക എന്നതാണ് രീതി. കാര്യമായ കീട-രോഗബാധകളൊന്നും ഉണ്ടാകുന്നില്ല. എന്തെങ്കിലും പുഴുക്കുത്തോ രോഗബാധയോ കണ്ടാല്‍ നിത്യേനയുള്ള സഹവാസംകൊണ്ടുതന്നെ അതൊക്കെ ഒഴിവായിപ്പോകുന്നു എന്നതാണ് അനുഭവം. രാവിലെയും വൈകുന്നേരവുമായി ഒന്നുരണ്ടുമണിക്കൂര്‍ സമയം തോമസ് മട്ടുപ്പാവിലെ ഈ പച്ചപ്പിനിടയിലാണ്. നിത്യവും പലപ്രാവശ്യം മട്ടുപ്പാവില്‍ കയറുകയും ഇറങ്ങുകയും കൃഷിപ്പണികള്‍ ചെയ്യുകയും ചെയ്യുന്നതിലൂടെ ശരീരത്തിന് വേണ്ടത്ര വ്യായാമവും മനസ്സിന് ഉന്മേഷവും കിട്ടുന്നുവത്രേ.

തോമസ്സിന്റെ മട്ടുപ്പാവിലെ പച്ചത്തുരുത്തിലേക്ക് കേട്ടറിഞ്ഞും കണ്ടറിഞ്ഞും നിരവധി പേരാണെത്തുന്നത്. വില്പനയ്‌ക്കോ ആദായത്തിനോ വേണ്ടിയല്ല ഈ കൃഷി. വീട്ടാവശ്യത്തിനെടുത്ത ശേഷം ബാക്കിയുള്ളവ സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും പങ്കുവെക്കുകയാണ്.

'വയസ്സ് എഴുപത് കഴിയുന്നു. യാതൊരു അസുഖങ്ങളുമില്ല. നല്ല ആരോഗ്യത്തോടെ ഒരാളിന്റെ ജോലി ചെയ്യാന്‍ കഴിയുന്നതിന്റെ രഹസ്യം ചെടികളുമൊത്തുള്ള ഈ സഹവാസമാണ്'. തോമസ് ചേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിചെയ്യാന്‍ ഭൂമിയില്ലെന്ന് പരിതപിക്കുന്നവര്‍ക്ക് ഒരു 'ഹരിതപാഠ'മാണ് ഇദ്ദേഹത്തിന്റെ മട്ടുപ്പാവിലെ കായ്കറി സമൃദ്ധി.

No comments: