Monday, April 13, 2015

ഞാനും നന്മയുള്ള ചില കൃഷിയോര്‍മ്മകളും..!
----------------------------------------------------------------------------
നമ്മുടെ ചെറുപ്പത്തിൽ ക്രിക്കറ്റ് ബാറ്റുകളോ കമ്പ്യുട്ടര്‍ ഗെയിമുകളോ സൈക്കിളോ മോട്ടോര്‍ ബൈക്കോ ഒന്നുമല്ലായിരുന്നു മാതാപിതാക്കള്‍ വാങ്ങി തന്നിരുന്നത്..
രണ്ട് ചെറിയ മൺകുടം അല്ലെങ്കിൽ അലുമിനിയം കുടം...!!
16 പടി താഴ്ച്ചയുള്ള കിണറ്റില്‍ നിന്നും കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ തൊട്ടിയില്‍ വെള്ളം കോരി കുടങ്ങളില്‍ നിറച്ച് പറമ്പിലാകെയുള്ള തെങ്ങ്, കൂർക്ക, കപ്പ, മധുരക്കിഴങ്ങ്, കാവത്ത്, മഞ്ഞൾ, ചേമ്പ് തുടങ്ങി എല്ലാറ്റിനും വലിയവരുടെ കൂടെ നമ്മള്‍ കുട്ടികളും നനയ്ക്കാന്‍ കൂടണം, പ്രായമുള്ളവരുടെ കല്‍പ്പനകള്‍ക്ക് ചെവി കൊടുത്തില്ലെങ്കില്‍ അന്ന് പട്ടിണിയാണ്..
നാല് മണിയാവുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടി ഉലുവ വേവിച്ചു പിഴിഞ്ഞ ശേഷം, അതിന്റെ ചണ്ടിയില്‍ തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് ഒരു വിഭവമുണ്ടാക്കി വെക്കും,
അതല്ലെങ്കില്‍ ചേമ്പോ കാവത്തോ പുഴുങ്ങി തേങ്ങാപ്പാലില്‍ കുഴച്ചു മധുരം ചേര്‍ത്ത് മൂടിവെച്ചിട്ടുണ്ടാവും... നാളേറെ കഴിഞ്ഞെങ്കിലും ഇന്ന് ഈ പ്രാവാസലോകത്തിരിക്കുമ്പോഴും അന്ന് എന്‍റെ കരുണാമയിയായ ഉമ്മ ഉണ്ടാക്കിത്തന്നിരുന്ന വിഭവങ്ങളുടെ സ്വാദ് അന്നുമിന്നും നാവിന്‍ തുമ്പിലോടിയെത്തും..
കൃഷിയുടെ നന കഴിഞ്ഞാലെ ഇതൊക്കെ ഞങ്ങള്‍ക്ക് അകത്താക്കാന്‍ കിട്ടൂ.. അതുകൊണ്ട് ആ ഒരു ചിന്തയില്‍ ഞങ്ങള്‍ കുട്ടികള്‍ ആവേശത്തോടെ നന തുടരും...



ടിവിയും മൊബൈലും കമ്പ്യുട്ടറുമില്ലാത്ത ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും ചന്ദനക്കുടം നേര്‍ച്ചകളും മറ്റു വിശേഷ ദിവസങ്ങളുമെല്ലാം ജാതി മത ചിന്തകള്‍ക്കതീതമായി എല്ലാ വീടുകളിലും ഉത്സവപ്രതീതി കൊണ്ടുവന്നിരുന്നു..
തിരുവാതിരക്ക് അടുത്തുള്ള വീടുകളിൽ നിന്നും ചെടികൾ പരസ്പരം കൈമാറണം. ശീമക്കൊന്ന വെട്ടി ചാണകവും ചേർത്ത് ചേമ്പിനും മഞ്ഞളിനും ഇടണം. മഞ്ഞൾ വിളവെടുപ്പ് കഴിഞ്ഞാൽ അതു വിരകി ഹല്‍വ പോലെ ഒരു പലഹാരം ഉണ്ടാക്കും. ഞങ്ങൾ കുട്ടികൾക്ക് കുറച്ചേ തരൂ, തണ്ടെല്ല് ഉറച്ചു പോകുമെത്രെ. മഞ്ഞളിന്റെ ഇലയിൽ ഉണ്ടാക്കിയ അട, പയറിന്റെ ഇല കൊണ്ടുള്ള തോരൻ, നേരത്തെ പറഞ്ഞ ഉലുവ പിഴിഞ്ഞ് നീരെടുത്ത് ബാക്കി വരുന്നതില്‍ നാളികേരവും ശര്‍ക്കരയും ചേര്‍ത്ത് കുഴച്ചത്, അങ്ങിനെയെന്തെല്ലാം.... അതെല്ലാം ഓർമ്മകളായി..!
പറമ്പില്‍ പയറ് നടുന്നത് മണ്ണിന്റെ വളക്കൂറ് കൂടാനാണത്രെ. അതിന്റെ വേരിൽ നൈട്രജൻ മുകുളങ്ങളുണ്ട്.
എന്‍റെ കാര്‍ഷിക ഗുരുവായ പിതാവ് വേര് പറിച്ചു കാണിച്ചു തന്ന് വിവരിക്കും..
ഇന്നെനിക്ക് എന്റെ മകന് എത്രമാത്രം ഈ അറിവുകൾ പകർന്നു കൊടുക്കാൻ സാധിക്കുമെന്നു പലപ്പോഴും ആലോചിക്കാറുണ്ട്..
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വന്ദ്യ പിതാവിന്റെ അനുഗ്രഹമായി ലഭിച്ച കാര്‍ഷിക രീതികളും പ്രിയ മാതാവിന്റെ അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളുമുള്‍ക്കൊണ്ടാണ് കൃഷിയിലേക്ക് കടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്പ് എല്‍ പി സ്കൂളില്‍ പോയിരുന്ന സമയത്ത് എല്ലാ അനുഗ്രഹങ്ങളാലും സമ്പന്നമായ എന്‍റെ കുഞ്ഞുഗ്രാമമായ അടിതിരുത്തിയുടെ വഴിയില്‍ നിറയെ കര്‍ഷകരായിരുന്നു... പറമ്പ് കിളക്കുന്നവരും, തോട് മാടുന്നവരും, പുഴയില്‍ വല വീശി മീന്‍ പിടിക്കുന്നവരും, പാടത്ത് ഞാറുനടുന്നവരുമായി മണ്ണിനോട് മല്ലിടുന്ന ധാരാളം കര്‍ഷകരുണ്ടായിരുന്നു, അവരിലൊരാളായി എന്റെ വന്ദ്യ പിതാവും..
സ്കൂളില്‍ പോകുന്ന വഴിക്ക് പിതാവിന് പത്തുമണിക്ക് കഞ്ഞി കൊണ്ടുപോയി കൊടുക്കുന്നത് അന്നെന്റെ ജോലിയായിരുന്നു, ഉമ്മ തന്നു വിടുന്ന കഞ്ഞിപ്പാത്രം ഒരുകയ്യിലും, പുസ്തകവും പ്ലാവിലയില്‍ ഈര്‍ക്കിള്‍ കുത്തിയുണ്ടാക്കിയ കൈലും, ചമ്മന്തിയുടെ പൊതിയും മറുകയ്യിലുമായി നടന്നു ചെല്ലുമ്പോള്‍ വെയില് കൊണ്ട് വാടിതളര്‍ന്ന പാവം എന്റെ ഉപ്പയുടെ രൂപം ദൂരെ നിന്ന് തന്നെ കാണാമായിരുന്നു... അടുത്ത് ചെന്ന് കഞ്ഞിപ്പാത്രവും ചമ്മന്തിയും ഉപ്പയുടെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ ഉപ്പയുടെ തലയില്‍ ചുറ്റിയ തോര്‍ത്ത് അഴിച്ചെടുത്ത് എന്റെ മുഖവും കൈകളും തുടച്ചു തരും...
അരികില്‍ പിടിച്ചിരുത്തി പ്ലാവില കൈല് കൊണ്ട് കുറച്ചു കഞ്ഞി എനിക്കും കോരി തരുമായിരുന്നു..
പോവാന്‍ നേരം പുറത്തു തട്ടി മടിയില്‍ നിന്ന് മിട്ടായി വാങ്ങിക്കാന്‍ അഞ്ചു പൈസ നാണയം (അന്നത്തെ ആ അഞ്ചു പൈസക്ക് ഇന്നത്തെ അഞ്ചുരൂപയേക്കാള്‍ വിലയാണ്) എടുത്തു തന്നു പറയും നന്നായി പഠിക്കണം.. ഇല്ലെങ്കില്‍ വെയില് കൊണ്ട്, ഉപ്പാടെ മോന്‍ കഷ്ടപ്പെടുമെന്നും അത് പാടില്ലെന്നുമെല്ലാം ഓര്‍മ്മിപ്പിക്കും.. (അന്നത്തെ ആ കഞ്ഞിക്കും ഉമ്മ അമ്മിയിലരച്ച ചമ്മന്തിക്കും കിട്ടിയിരുന്ന രുചി ഇന്നത്തെ ഒരു ഭക്ഷണത്തിനും ഇല്ലെന്നുള്ളതാണ് സത്യം) സ്കൂളില്‍ പോവുമ്പോള്‍ വെയില് കൊള്ളാതിരിക്കാന്‍ വീട്ടില്‍ നിന്ന് കുടയെടുക്കാത്തതിന് വഴക്ക് പറയുന്ന ഉപ്പയുടെ നെറ്റിയില്‍ അപ്പോഴും വിയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞു നില്‍ക്കുന്നത് ഇന്നും നീറുന്ന നോവായും മധുരിക്കുന്ന ഓര്‍മ്മകളായും മനസ്സില്‍ ഓടിയെത്തുന്നു...!
എല്ലാ മാതാപിതാക്കള്‍ക്കും സന്തോഷമുണ്ടാവട്ടെ, ദൈവാനുഗ്രഹമുണ്ടാവട്ടെ..

No comments: