Monday, August 22, 2016



 ശുദ്ധജലത്തിനേക്കാള്‍ "കുടിവെള്ള"ത്തിന് വിലയിടുന്ന നാട്
==========================================================

എന്തിനും ഏതിനും തമിഴ്നാടിനെ ആശ്രയിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാടിന് ദൈവം അനുഗ്രഹമായി നല്‍കിയ ഒന്നാണ് വെള്ളം. ശരിയായ ദിശാബോധവും വരും തലമുറയെക്കുറിച്ചുള്ള ഗൗരവമില്ലായ്മയും കാരണം വര്‍ഷത്തില്‍ എട്ടുമാസത്തിലധികവും മഴ ലഭിക്കുന്ന നമ്മുടെ കേരളത്തില്‍ പക്ഷെ വേനലൊന്നു കനത്താല്‍ കൂടുതല്‍ പേരും പണം നല്‍കിയാണ്‌ നിത്യോപയോഗങ്ങള്‍ക്ക് വരെ വെള്ളം വാങ്ങുന്നത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മിക്കയിടത്തും പണം കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേട്കൊണ്ട് കുളി വേണ്ടെന്നു വെച്ച് തുണി മുക്കി ശരീരം തുടയ്ക്കുന്ന പടിഞ്ഞാറന്‍ സായ്പ്പിന്റെ ഏര്‍പ്പാട് ശീലിച്ചവരുടെ എണ്ണം കൂടി വരുന്നു. കഴിയുന്നത്ര വെള്ളത്തിന്‍റെ ഉപയോഗം കുറച്ചുകൊണ്ടു വെള്ളത്തോട് മാന്യത കാണിക്കേണ്ടി വന്നിരിക്കുന്നു.

പക്ഷെ വെള്ളത്തിന്‍റെ കാര്യത്തില്‍ ധാരാളിയായ മലയാളിക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമാണിത്. കേരളത്തിലെത്തിയാല്‍ ഈ മാന്യതയില്ല, ജീവിത നിലവാരം അലങ്കാരവും അഹങ്കാരവുമാക്കിയ മലയാളിക്ക് എല്ലാം ധൂര്‍ത്താണ്..!
അത് ഭക്ഷണമായാലും വസ്ത്രങ്ങളായാലും വെള്ളമായാലും..
"കുടിവെള്ള"മായാലും ഉപയോഗിക്കുക, വലിച്ചെറിയുക....!!

പാലിന് വില കൂട്ടിക്കഴിഞ്ഞു, പെട്രോള്‍, ഗ്യാസ് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നത് വാര്‍ത്തയേ അല്ലാതായി.. പെട്രോള്‍ വില കൂടുമ്പോ ആ വകയില്‍ എല്ലാറ്റിനും വില കൂടുകയെന്നത് സ്വാഭാവികം.. ചാര്‍ജ്ജ് കൂട്ടുന്ന വാഹനങ്ങള്‍ക്കും ചാകര തന്നെ..
വെള്ളക്കരം ഇനിയും കൂട്ടിയെ പറ്റൂ എന്ന് ജലസേചന വകുപ്പ്.

ഒരുരൂപക്ക് അരി വാങ്ങി പശുവിനും പന്നിക്കും കോഴിക്കും കൊടുത്ത് ഇറച്ചിയാക്കുന്നവര്‍ ഓര്‍ക്കുക, "10 കിലോ ധാന്യം കൊടുത്ത് ഒരു കിലോ ഇറച്ചിയുണ്ടാക്കുന്ന  ഒരു രാഷ്ട്രവും നില നില്‍ക്കില്ല" (How the other half dies - Dr. Zoosan George).

റബ്ബര്‍ വില അല്പം കുറഞ്ഞാല്‍, ആഗോള സാമ്പത്തീക മാന്ദ്യം രൂക്ഷമായാല്‍ സര്‍ക്കാര്‍  ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടി പ്രവാസികളുടെ വിദേശ നാണ്യബലത്താല്‍ പിടിച്ചു നില്‍ക്കുന്ന കേരളത്തിന്‍റെ കൃത്രിമ വികസനം തലയും കുത്തി വീഴും..

പണവും തിന്മയും ഭരിക്കുന്ന നാട്ടില്‍ സമൂഹത്തിലെ
എല്ലാ അനീതികളും ന്യായീകരിക്കപ്പെടുന്നു. അരാചകത്വം അതിന്‍റെ വിശ്വരൂപം പുറത്തെടുക്കുമ്പോള്‍ ഒരുകാലത്ത് നാടിനും നാട്ടുകാര്‍ക്കും അന്നവും അര്‍ത്ഥവും നല്‍കിയിരുന്ന  പാരിസ്ഥിതികവും സാമൂഹ്യവുമായ വിഷമില്ലാ കൃഷി പോലും സര്‍വ്വനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്നു.

ഒരു ബാങ്കും ഒരു ഇന്‍ഷൂറന്‍സും ഒരു ഫ്ലാറ്റ് സമുച്ചയവും നമുക്ക് തിന്നാനോ കുടിക്കാനോ തരില്ലെന്നറിയുക. ഡോളറിനെ ശക്തമാക്കത്തക്ക വില സ്വര്‍ണ്ണത്തിന് വന്നാല്‍, വന്‍ ശക്തികള്‍ അവരുടെ സ്വര്‍ണ്ണ ശേഖരത്തില്‍ നിന്നൊരു വിഹിതം ചന്തയില്‍ ഇറക്കിയാല്‍ പിന്നെ വരുന്ന പ്രത്യാഘാതം നമ്മള്‍ പല വട്ടം അനുഭവിച്ചതാണ്‌.

സ്വശ്രയമുള്ള ഒരു പഞ്ചായത്ത്‌ പോലും നമുക്കില്ല. കൈ നിറയെ പണം വന്നു ജീവിത നിലവാരം മെച്ചപ്പെട്ടത്കൊണ്ട് ജോലിയെടുക്കാനോ ഒന്ന് മാറി ചിന്തിക്കാനോ ഉള്ള കഴിവും നമുക്ക് നഷ്ടമായിരിക്കുന്നു. അത് വീണ്ടെടുക്കുവാന്‍ കുവൈറ്റ് - ഇറാഖ് പോലുള്ള യുദ്ധങ്ങളും ദുരിതങ്ങളും ദുരന്തങ്ങളുമടക്കം വളരെ തീഷ്ണമായ അനുഭവങ്ങള്‍ തന്നെ വേണ്ടിവരും. തീര്‍ച്ച. ദൈവം അങ്ങിനെയുള്ള കടുത്ത പരീക്ഷണങ്ങള്‍ നല്‍കി നമ്മില്‍ ആരെയും ശിക്ഷിക്കാതിരിക്കട്ടെ..!

No comments: